കാസർകോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള കോടോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം 2000 വർഷം പഴക്കമുള്ള മഹാശില സ്‌മാരകമായ ചെങ്കല്ലറ കണ്ടെത്തി. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുന്നതിനിടയിലാണ് സ്‌മാരകം കണ്ടെത്തിയത്. മുനിയറ, നിധിക്കുഴി, പീരങ്കി ഗുഹ തുടങ്ങിയ പല പേരുകളിൽ ഈ അറകൾ അറിയപ്പെടുന്നതായി ചരിത്ര ഗവേഷകർ പറഞ്ഞു.
ചെങ്കൽപാറ തുരന്നാണ് ചെങ്കല്ലറ നിർമിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് പടികളും മൂന്നു തട്ടുകളായി കൊത്തിയെടുത്ത കവാടവുമുണ്ട്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചു വയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഇറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്‌താണ് മഹാശില കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.
മണ്ണ് നിറഞ്ഞു കിടക്കുന്നതിനാൽ ചെങ്കല്ലറയുടെ ഉൾഭാഗം വ്യക്തമായിട്ടില്ല. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് ചരിത്ര അധ്യാപകരും ചരിത്ര ഗവേഷകരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ചെങ്കല്ലറയിലെ മണ്ണ് പൂർണമായി മാറ്റി ഈ ചരിത്ര സ്‌മാരകത്തെ ഇരുമ്പു വേലി കെട്ടി സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
നൂറ്റാണ്ട് പഴക്കമുള്ള ദാരുശില്‍പങ്ങൾ കൊണ്ട് പ്രശസ്‌തമാണ് കോടോത്ത് ക്ഷേത്രം. ഇവിടെ ചെങ്കല്ലറ കണ്ടെത്തിയത് പ്രദേശത്തിന്‍റെ ചരിത്ര പ്രാധാന്യം വർധിപ്പിച്ചിരിക്കുകയാണ്. കാസർകോട് ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ട പാറ, പോത്താംങ്കണ്ടം, പനങ്ങാട്, ഉമ്മിച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, മടിക്കൈ, പൈവളിഗെ, കാര്യാട് മലപ്പച്ചേരി എന്നിവിടങ്ങളിൽ നിന്ന് പലപ്പോഴായി ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.
അവസാനിക്കാത്ത മഹാശില സംസ്‌കാരത്തിന്‍റെ ഒരായിരം സ്‌മാരകങ്ങളുടെ അക്ഷയഖനിയായി കാസര്‍കോട് മാറുകയാണ്. 2021ലും സമാന രീതിയില്‍ ചെങ്കല്ലറകള്‍ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാടിന് അടുത്ത് കിനാനൂര്‍- കിരന്തളം പഞ്ചായത്തില്‍ ഭീമനടിയിലായിരുന്നു വിവിധ വര്‍ണത്തിലുള്ള മണ്‍പാത്രങ്ങളും ചെങ്കല്ലറകളും കണ്ടെത്തിയിരുന്നത്. ഇതോടെ ജില്ലയില്‍ നിന്ന് കണ്ടെത്തിയ മഹാശിലാസ്‌മാരകങ്ങളുടെ എണ്ണം നൂറു കടന്നു.
മുനിയറകള്‍ക്കും ചെങ്കല്ലറകള്‍ക്കുമൊപ്പം വിവിധ വലിപ്പത്തിലും നിറത്തിലും ആകൃതിയിലുമുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്‌ടമാണ് 2021 വര്‍ഷത്തില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചരിത്ര ഗവേഷകരാണ് മഹാശില കാലഘട്ടത്തിലെ പത്ത് ചെങ്കല്ലറകള്‍ കണ്ടെത്തിയത്.
കറുപ്പ്, നീല, മഞ്ഞ തുടങ്ങിയ നിറത്തിലുള്ള മണ്‍പാത്രങ്ങളുടെ അവശിഷ്‌ടങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലായി കണ്ടെത്തിയത്. നീല പാളിയോടുകൂടിയ മണ്‍പാത്രങ്ങള്‍ മഹാശില കാലഘട്ടത്തില്‍ ഉപയോഗത്തിലുള്ളതായിരുന്നുവെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു. നേരത്തെ ചീമേനി, പള്ളിപ്പാറ, പോത്താംങ്കണ്ടം, തിമിരി നാലിലാംങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ചെങ്കല്ലറകള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് മഹാശില സംസ്‌കാരത്തിന്‍റെ ശേഷിപ്പുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചരിത്ര ഗവേഷകര്‍.