കാസര്‍കോട്: ഭാഗ്യനിർഭാഗ്യങ്ങളുടെ കഥകളാണ് ഓരോ ലോട്ടറി ടിക്കറ്റിലുമുള്ളത്. അങ്ങനെയൊരു നിർഭാഗ്യത്തിന്‍റെ ഞെട്ടലിലാണ് കാസർകോട് നെല്ലിക്കട്ടയിലെ ഓട്ടോ ഡ്രൈവർ മൻസൂറലി. മൻസൂർ കീറിക്കളഞ്ഞ ടിക്കറ്റിൽ വിൻവിൻ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായിരുന്നു ഒളിഞ്ഞിരിപ്പുണ്ടായത്.
എന്നത്തെയും പോലെ പത്രത്തിലും മൊബൈലിലുമായി ലോട്ടറി ഫലം നോക്കി. അധികമൊന്നും ആഗ്രഹിക്കാത്ത മൻസൂർ ഇതുവരെ ലഭിച്ച ഏറ്റവും വലിയ തുക 5000 ആയതിനാൽ അതുവരെയെ നോക്കിയുള്ളൂ. ഒന്നുമില്ലെന്ന് കണ്ട് ടിക്കറ്റ് കീറിയെറിഞ്ഞു. പക്ഷെ അതിൽ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ഉണ്ടെന്ന് ഏജന്റിന്റെ വിളി എത്തിയപ്പോഴാണ് മൻസൂറലി ധർമ്മസങ്കടത്തിലായത്.
ഡബ്ലു എല്‍ 583055 നമ്പർ വിൻവിൻ ലോട്ടറി ടിക്കറ്റിനായിരുന്നു സമ്മാനം. മറ്റ് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ കീറിക്കളഞ്ഞ ടിക്കറ്റ് കഷണങ്ങളെല്ലാം ചേർത്തുവെച്ച് അശ്രദ്ധകൊണ്ട് കൈവിട്ട സൗഭാഗ്യം തിരിച്ചു കിട്ടാനുള്ള വഴി തേടുകയാണ് മൻസൂറലി. പ്രതിദിന നറുക്കെടുപ്പിൽ ടിക്കറ്റ് വില 10 രൂപ ഉള്ളപ്പോൾ മുതൽ ലോട്ടറി വാങ്ങുന്നുണ്ട് മൻസൂർ. ഇതും അങ്ങനെ വാങ്ങിയതാണ്.
കഴിഞ്ഞ 19ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ കഷണങ്ങൾ ചേർത്തു വച്ചാണ് ലോട്ടറിക്കപ്പുറമുള്ള മൻസൂറിന്റെ ഭാഗ്യപരീക്ഷണം. എല്ലാ കഷ്ണങ്ങളും ചേർത്ത് വെച്ചെങ്കിലും ബാർകോഡും ക്യു ആർ കോഡും സ്കാൻ ചെയ്യാൻ പറ്റുന്നില്ല. ലോട്ടറി ഓഫീസറുടെ നിർദ്ദേശപ്രകാരം എംഎൽഎയുടെ കത്ത് വാങ്ങിയിട്ടുണ്ട്. ഇനി ഭാഗ്യക്കുറി ഡയറക്ടർ കൂടി കനിയണം.