കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി 217 കോടി രൂപ ആവശ്യപ്പെട്ടതില്‍ രണ്ട് കോടി രൂപ അടിയന്തരമായി അനുവദിക്കാന്‍ തീരുമാനം. മന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സുപ്രീംകോടതി ഉത്തരവ് പ്രകാരം കിടപ്പ് രോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ഭിന്നശേഷിക്കാര്‍, അര്‍ബുദ രോഗികള്‍ മറ്റുള്ളവര്‍ എന്നീ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം അനുവദിക്കുന്നത്. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സയ്ക്ക് ദേശീയ ആരോഗ്യദൗത്യം കാഞ്ഞങ്ങാടിന് രണ്ട് കോടി രൂപ സാമൂഹ്യ നീതി വകുപ്പിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വകമാറ്റി അനുവദിച്ചതായും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
ദുരിത ബാധിതരുടെ ചികിത്സയ്ക്കായി ജില്ലയില്‍ നിയോഗിച്ച രണ്ട് ന്യൂറോളജിസ്റ്റുകളും ഒരു സൈക്യാട്രിസ്റ്റും വര്‍ക്കിങ് അറേഞ്ച്‌മെന്‍റില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്‌ത വരികയാണെന്നും ഇവരെ അടിയന്തരമായി ജില്ലയിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കുന്നത് സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശം തേടാനും യോഗത്തിൽ തീരുമാനമായി.