കാസർഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊല നടന്ന സ്ഥലത്ത് നിന്ന് രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസില്‍ കര്‍ണാടക പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
തനിക്ക് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണി ഉണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട കൃപേഷ് നേരത്തെ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ മൂന്നിന് അരുണേശ്, നിഥിൻ, നീരജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകം ആണെന്നും കൊലക്ക് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
കൊല്ലപ്പെട്ട ശ്യാംലാലിന്‍റെയും കൃപേഷിന്‍റെയും ഇൻക്വസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുണ്ടായ മുറിവുകളാണ് ഇരുവരുടേയും മരണകാരണം. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലും ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിൽ മാരകമായ മുറിവുകളാണ് ശരത് ലാലിന്‍റെ കാലുകളിൽ ഏറ്റിരുന്നത്.
കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റീമീറ്റർ നീളത്തിലും രണ്ട് സെന്‍റീമീറ്റർ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകർന്ന് സംഭവസ്ഥലത്തു തന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശരത്‍ലാൽ മരിച്ചത്.