കാസര്‍കോട്: വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന പരാതിയിൽ കാസർകോട് യുവാവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്. കാസർകോട് പുളിക്കൂർ സ്വദേശിനിയായ 29കാരിയുടെ പരാതിയില്‍ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്.
വിദേശത്ത് ജോലി ചെയ്യുന്ന കാസർകോട് എരിയാൽ സ്വദേശിയായ അഷ്‌റഫ് യുവതിയുടെ സഹോദരന്‍റെ ഫോണിലേക്ക് വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയതറിയിച്ചുള്ള ശബ്ദ സന്ദേശമയച്ചെന്നാണ് പരാതി. കാസർകോട് പുളിക്കൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അഷ്റഫിനെതിരെ പുതിയ മുത്തലാഖ് നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് കാസർകോട് ടൌൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും വിവാഹ സമയത്ത് അഷ്‌റഫ് സ്ത്രീധനം വാങ്ങിയിരുന്നതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2007ൽ വിവാഹം കഴിഞ്ഞ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മുത്തലാഖ് ചൊല്ലിയ ശേഷം നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു വിവാഹം കഴിച്ചതായും പരാതിയുണ്ട്. അഷ്റഫിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് യുവതി നൽകിയ ഗാർഹിക പീഡന പരാതിയിൽ മറ്റൊരു കേസ് കൂടി കാസർകോട് ടൌൺ സ്റ്റേഷനിൽ നിലവിലുണ്ട്. നേരത്തെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് കേരളത്തിലെ ആദ്യത്തെ മുത്തലാഖ് കേസ് രജിസ്റ്റർ ചെയ്തത്.