കാസർകോട്: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ മരങ്ങള്‍ മുറിച്ചത് വിവാദത്തിൽ. കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള ടിഎസ് തിരുമുമ്പ് കാർഷിക പഠന കേന്ദ്ര പദ്ധതി പ്രദേശത്തെ തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് മുറിച്ചുമാറ്റി സമീപത്തെ മര മില്ലിലേക്ക് കൊണ്ടുപോയത്. 22 തേക്കിൻ തടികളും ഒന്‍പത് പ്ലാവിൻ തടികളുമാണ് മുറിച്ചുമാറ്റിയതായി കണ്ടെത്തിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
വനംവകുപ്പിന്‍റെ അനുമതിയില്ലാതെ മരം മുറിച്ചുകടത്തിയതിന് കേസെടുത്തു. ചട്ടം പാലിക്കാതെ സർക്കാർ സ്ഥലത്ത് നിന്ന് മരം മുറിച്ചുകടത്തിയെന്ന പരാതിയില്‍ വനംവകുപ്പ് അധികൃതർ ഗവേഷണ കേന്ദ്രത്തിലും മരമില്ലിലും പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിൽ ട്രാൻസിറ്റ് പാസ് ഇല്ലാതെയാണ് മരം കടത്തിയതെന്ന് കണ്ടെത്തി.
സോഷ്യൽ ഫോറസ്‌ട്രി നിയമം ലംഘിച്ചതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് ജില്ല ഫോറസ്റ്റ് ഓഫിസർക്ക് നൽകും. തേക്ക്, ഈട്ടി, മരുത് അടക്കമുള്ള മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽ വനംവകുപ്പിന്‍റെയും റവന്യു അധികൃതരുടെയും അനുമതി വേണം. അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ചാണ് മരങ്ങൾ മുറിച്ചു കൊണ്ടുപോയതെന്ന് കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി വനജ പ്രതികരിച്ചു.