കാസർകോട്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശി റിയാസ് ഹസൻ, കുഞ്ഞത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ്, ഉപ്പള സ്വദേശി അബ്‌ദുൾ റസാഖ് എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകിയ സംഘത്തിൽ ഉള്ളവരാണ് പിടിയിലായ മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സിദ്ദിഖിന് നൽകിയ പണത്തിന്‍റെ ഉടമസ്ഥനാണ് ഇപ്പോൾ അറസ്റ്റിലായ അബ്‌ദുൾ റസാഖ്. കേരള കർണാടക അതിർത്തിയിൽ നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
READ MORE: കാസർകോട്ടെ പ്രവാസി യുവാവിന്‍റെ കൊലപാതകം : മുഖ്യപ്രതികളായ രണ്ടുപേർ അറസ്റ്റിൽ
കേസിൽ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് പിന്നിൽ 15 അംഗ സംഘമാണെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചു.