കാസർകോട് : 'നീ വേറെയൊന്നുമല്ല,ഇങ്ങ് വാ, ജാതി കൊണ്ടും, മതം കൊണ്ടും ഞാൻ വേറെയാണെന്ന് തോന്നിയോ...'. മുസ്ലിം സ്ത്രീയെ മുത്തപ്പൻ തെയ്യം ചേർത്തുപിടിച്ച് സമാധാനിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്.
ജാതിയും മതവും വേലി തീർക്കുന്ന ഇക്കാലത്തെ ഈ മതസൗഹാർദ കാഴ്‌ച ഏറെ ഹൃദ്യമായിരുന്നു. പതിനെട്ട് വർഷമായി മുത്തപ്പൻ കെട്ടുന്ന കൊടക്കാട്ടെ സനിയും പടന്ന കടപ്പുറത്തെ റംലത്തുമാണ് ആ രണ്ടുപേർ.
പടന്നയിലെ ബാലകൃഷ്ണന്‍റെ കെ.വി കണ്ണൻ ഹൗസിൽ കഴിഞ്ഞ 15നാണ് വെള്ളാട്ടം നടന്നത്. റംലത്ത് ഇതാദ്യമായാണ് ഇത്രയടുത്ത് മുത്തപ്പന്‍ വെള്ളാട്ടം കാണുന്നത്. അല്പം മാറി നിന്ന തന്നെ മുത്തപ്പൻ അടുത്ത് വിളിക്കുകയായിരുന്നുവെന്ന് റംലത്ത് പറയുന്നു.
മനസിലുള്ള സങ്കടം മുത്തപ്പനോട് പറഞ്ഞു. ആശ്വസിപ്പിച്ചപ്പോൾ കണ്ണ് നിറഞ്ഞെന്നും റംലത്ത് പറഞ്ഞു. മുത്തപ്പന്‍റെ ആശ്വാസ വാക്കുകളും റംലത്ത് കരയുന്നതും വീഡിയോയിൽ കാണാം. സകല ദുരിതങ്ങളും പ്രയാസങ്ങളും മുത്തപ്പൻ മാറ്റി തരുമെന്ന് പറഞ്ഞാണ് ആ യുവതിയുടെ കണ്ണുനീർ തുടയ്ക്കുന്നത്.
READ MORE: മാലിക് ഇബ്‌നു ദീനാർ.. ചരിത്രവും വിശ്വാസവും ഇഴചേരുന്ന തീർഥാടന കേന്ദ്രം
"പരിഭവം നിറഞ്ഞ പരാതിയുമായാണ് നീ വന്നതെങ്കിൽ കണ്ണ് നിറയല്ലേ? പള്ളിയും പള്ളിയറയും മടപ്പുരയും എനിക്ക് വേറിട്ടതല്ല. ഞാൻ നിന്‍റെ നാഥൻ തന്നെ. തമ്പുരാനേ എന്നല്ലേ വിളിക്കേണ്ടത്. നബിയെന്നും, മലയിൽ വാഴും മഹാദേവൻ പൊന്മല വാഴും മുത്തപ്പനെന്നും വേർതിരിവ് ഇല്ല നിങ്ങൾക്ക്. പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ''. ചേർത്തുപിടിക്കാമെന്നും മുത്തപ്പൻ പറയുന്നുണ്ട്.
വർഷങ്ങളായി മുത്തപ്പൻ കെട്ടിയാടുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നും വീഡിയോ കണ്ട് എഴുത്തുകാർ അടക്കം നിരവധി പേർ വിളിച്ചെന്നും തെയ്യം കലാകാരന്‍ സനി പറയുന്നു.
വടക്കേ മലബാറുകാരുടെ കാണപ്പെട്ട ദൈവമാണ് മുത്തപ്പൻ. മടപ്പുരകളിൽ മാത്രമല്ല വീടുകളിലും മുത്തപ്പൻ നിറഞ്ഞ സാന്നിധ്യമാണ്. തന്‍റെ മുന്നിലെത്തുന്ന ഏത് മനുഷ്യനെയും ഉള്ളുകൊണ്ട് തിരിച്ചറിയാനും ആശ്വാസവാക്കുകൾ കൊണ്ട് അവരെ കൈ പിടിച്ചുയർത്താനും മുത്തപ്പന് കഴിയുന്നു. അതുകൊണ്ട് തന്നെ ജാതിയെന്നോ മതമെന്നോ ഇല്ലാതെ മുത്തപ്പനെ കാണാൻ ഭക്തർ ഒത്തുകൂടും.