കാസർകോട്: ജില്ലയിൽ കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. കൊവിഷീല്‍ഡ് സ്റ്റോക്ക് തീര്‍ന്നതോടെ രണ്ടാം ഡോസ് കുത്തിവെപ്പ് പൂര്‍ണമായി മുടങ്ങി. പരിമിതമായ കൊവാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് ജില്ലയില്‍ ഇനി ബാക്കിയുള്ളത്. വാക്‌സിനെടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനു പിന്നാലെയാണ് പ്രതിസന്ധി ഉണ്ടായത്. കൊവിഷീല്‍ഡ് വാക്‌സിന്‍ വ്യാഴാഴ്ച തന്നെ തീര്‍ന്നിരുന്നു. ഇതു മൂലം രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ എത്തിയവരാണ് പ്രതിസന്ധിയിലായത്.
വാക്‌സിന്‍ തീര്‍ന്ന കാര്യം അറിയാതെ കുത്തിവെപ്പിനായി വരി നിന്നവര്‍ മടങ്ങി. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിരുന്നു. കൊവാക്‌സിന്‍ മാത്രം സ്റ്റോക്കുള്ളതിനാല്‍ ജില്ലയില്‍ വെള്ളിയാഴ്ച ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് കുത്തിവെപ്പ് നടന്നത്. വാക്‌സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതും സാധാരണക്കാര്‍ക്ക് പ്രയാസമാകുന്നു.