കാസര്‍കോട് : കാലികളുടെ ഉപ്പിലിട്ട കുടലുകള്‍ മോഷണം പോയതായി പരാതി. പോത്ത്, ആട്, കാള തുടങ്ങിയവയുടെ കുടലുകള്‍ കയറ്റി അയക്കുന്ന കാസര്‍കോട് ചൗക്കിയിലെ സ്ഥാപനത്തില്‍ നിന്നാണ് ഇവ നഷ്‌ടമായത്. വിപണിയില്‍ 15 ലക്ഷം വില വരുന്ന ഇത് കടത്തിയത് അസം സ്വദേശികളായ സ്ഥാപനത്തിലെ തൊഴിലാളികളാണെന്ന് ഉടമ ആരോപിച്ചു.
ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്രത്ത് അലി,അഷറഫുൽ ഇസ്ലാം എന്ന ബാബു, ഷെഫീഖുൽ, മുഖീവൂൽ, ഉമറുൽ ഫാറൂഖ്, ഖൈറുൽ എന്നീ അതിഥി തൊഴിലാളികള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സ്ഥാപനത്തില്‍ നിന്ന് മൂന്ന് സ്‌കൂട്ടറും നഷ്‌ടപ്പെട്ടതായി ഉടമ അന്വേഷണസംഘത്തെ അറിയിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കുടല്‍ കടത്തിയത് ലോറിയിലാണെന്ന് കണ്ടെത്തി.
കന്നുകാലികളുടെ കുടലുകള്‍ ഉണക്കി മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനമാണിത്. പ്രധാനമായും കുടലുകള്‍ കയറ്റുമതി ചെയ്യുന്നത് ഡല്‍ഹി, ബെംഗളൂരു ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ്. 5 വര്‍ഷത്തോളമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പ്രതികള്‍.