കാസർകോട്: അതിഥി തൊഴിലാളികളുമായുള്ള ട്രെയിൻ കാസർകോട്ട് നിന്നും പുറപ്പെട്ടു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ജാർഖണ്ഡിലേക്ക് പുറപ്പെട്ട ട്രെയിനിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 1,053 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു.
ഉച്ചയോടെയാണ് അതിഥി തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസില്‍ റെയില്‍വേ സ്‌റ്റേഷനിൽ എത്തിച്ചത്. തുടർന്ന് ഇവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. 1,270 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിരുന്നതെങ്കിലും 1,053 പേരാണ് യാത്രക്ക് തയ്യാറായി എത്തിയത്. അതിനുശേഷം കൊവിഡ് പരിശോധന നടത്തി നോണ്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റുകൾ നല്‍കി. ഫയർ ഫോഴ്സ് ട്രെയിൻ അണുവിമുക്തമാക്കിയതിന് ശേഷമാണ് അതിഥി തൊഴിലാളികളെ ട്രെയിനിൽ കയറ്റി യാത്രയാക്കിയത്. ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു ട്രെയിനിന് പച്ചക്കൊടി കാട്ടി.