കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍റെ പ്രതീകമായ ശില്പത്തിന് ജീവന്‍ വെക്കുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വളപ്പിലെ അമ്മയും കുഞ്ഞു എന്ന ശില്‍പ്പത്തിന് മോടികൂട്ടുന്നതടക്കമുള്ള പ്രവർത്തനങ്ങള്‍ പുനരാരംഭിച്ചു. ശില്‍പം നിർമിച്ച കാനായി കുഞ്ഞിരാമന്‍ തന്നെയാണ് മോടി കൂട്ടുന്നതും.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ച കൊത്തുളിയുടെ ശബ്ദം ഇപ്പോള്‍ കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ ഉയർന്നു കേൾക്കുന്നു. അമ്മയും കുഞ്ഞും എന്ന പാതിവഴിയില്‍ നിലച്ച ശില്പം കാനായി കുഞ്ഞിരാമന്‍റെ കരസ്പര്‍ശം കൊണ്ട് ജീവന്‍ വെക്കുകയാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്പങ്ങളാണ് കാനായി കുഞ്ഞിരാമന്‍ തീര്‍ക്കാറുള്ളത്. എന്നാല്‍ ഇവിടെ അതിന് മാറ്റമുണ്ട്.
താന്‍ ജീവിച്ച കാസര്‍കോടിന്‍റെ മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തു തീര്‍ത്ത ദുരിതങ്ങളുടെ നേര്‍ സാക്ഷ്യമാണ് അമ്മയും കുഞ്ഞും എന്ന ശില്പത്തിലൂടെ കാനായി കുഞ്ഞിരാമന്‍ അനാവരണം ചെയ്യുന്നത്. 2006ലാണ് നിര്‍മാണം തുടങ്ങിയത്. 2009ല്‍ 40 അടി ഉയരത്തില്‍ അമ്മയും കുഞ്ഞും ശില്പത്തിന് രൂപഭംഗി വരുമ്പോഴാണ് പണി നിലച്ചത്. പിന്നീട് ഒരു പതിറ്റാണ്ട് കാടു മൂടിക്കിടന്ന ഇടത്താണ് ശില്പഭംഗി തലപൊക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ശില്പം പൂര്‍ത്തീകരിക്കുമെന്നാണ് ശില്പി കാനായി കുഞ്ഞിരാമന്‍ പറയുന്നത് .