കാസർകോട്: പൂര്‍ണമായും ഹരിത ചട്ടം പാലിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പേനകളും മാറും. വിധികര്‍ത്താക്കളെല്ലാവരും മത്സരങ്ങള്‍ക്ക് മാര്‍ക്കിടുക വിത്തുപേനകള്‍ കൊണ്ടായിരിക്കും. ഇതിനായി കാഞ്ഞങ്ങാട്ട് നമ്മള്‍ സൗഹൃദ കൂട്ടായ്മ 1000 വിത്തുപേനകള്‍ സംഘാടകര്‍ക്ക് കൈമാറി. പേനയിലെ മഷി തീര്‍ന്ന് വലിച്ചെറിഞ്ഞാലും അവയിലെ വിത്ത് മുളച്ച് ചെടി വളരും എന്നതിനാലാണ് വിത്തുപേനകള്‍ കലോത്സവ നഗരിയിലെത്തിക്കാന്‍ നമ്മള്‍ കൂട്ടായ്മ തീരുമാനിച്ചത്.
കലോത്സവ നഗരിയിലെത്തിച്ച കടലാസ് പേനകളില്‍ വിവിധയിനം ഔഷധ സസ്യങ്ങളുടെ വിത്തുകളാണ് ഉള്ളത്. കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന ചടങ്ങളില്‍ നമ്മള്‍ സൗഹൃക്കൂട്ടായ്മയിലെ അംഗങ്ങള്‍ സംഘാടകര്‍ക്ക് പേനകള്‍ കൈമാറി.
പൂര്‍ണമായും കടലാസില്‍ നിര്‍മ്മിച്ച പേനകള്‍ ഉപയോഗശേഷം പ്രകൃതിക്ക് ഉപകാരപ്രദമാകുന്നുവെന്നതാണ് പ്രത്യേകത. ആയിരം വിത്തുകളിലൂടെ ആയിരം തണലുകള്‍ അറുപതാമത് കലോത്സവത്തിലൂടെ എന്ന സന്ദേശമാണ് വിത്തുപേന വിതരണത്തിലൂടെ നമ്മള്‍ കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്.