കാസര്‍കോട്: അമൂല്യമായ സമ്പത്ത് തിരിച്ച് കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ബേഡകം എടമ്പൂരടിയിലെ നാരായണിയമ്മ. ദുരിത കാലത്ത് നാടാകെ പ്രയാസപ്പെടുമ്പോൾ 20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട ജിമിക്കി കമ്മലാണ് നാരായണിയമ്മയ്ക്ക് തന്‍റെ പറമ്പിൽ നിന്നും തിരികെ കിട്ടിയത്. വിവാഹസമ്മാനമായി അച്ഛനും അമ്മയും നൽകിയ കമ്മൽ കളഞ്ഞുപോയ സങ്കടത്തിലായിരുന്നു നാരായണിയമ്മ ഇതുവരെ. ഇന്നിപ്പോൾ പ്രായം തളർത്തുമ്പോഴും നാരായണി അമ്മയുടെ ചുണ്ടിൽ സന്തോഷത്തിന്‍റെ പുഞ്ചിരി വിടരുന്നുണ്ട്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിപ്പണിക്ക് നിലമൊരുക്കുമ്പോഴാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജിമിക്കി കമ്മൽ മണ്ണിൽനിന്നും കിട്ടിയത്. നാരായണി അമ്മയുടെ പഴയ വീടിനോട് ചേർന്നായിരുന്നു നിലമൊരുക്കൽ. മുക്ക് പണ്ടമാണെന്ന് തെറ്റ്‌ദ്ധരിച്ചെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളിൽ ഒരാളാണ് നാരായണിയമ്മയുടെ കമ്മൽ നഷ്ടപ്പെട്ട കാര്യം ഓർത്തെടുത്തത്. കമ്മൽ നഷ്ടപ്പെടുന്ന കാലത്ത് പവന് 4400 രൂപയായിരുന്നു വില. ഇന്ന് പവന് നാൽപതിനായിരം രൂപയായ കാലത്താണ് ആ സ്വർണം മണ്ണിൽ നിന്നും അതിന്‍റെ ഉടമസ്ഥനെ തേടിയെത്തിയത്. കൊവിഡ് കാലത്ത് നാടാകെ പ്രയാസപ്പെടുമ്പോൾ നാരായണി അമ്മയ്ക്ക് കരുതലായി കാലം മണ്ണിൽ കാത്തു വെച്ചതായിരിക്കാം ഈ ജിമിക്കി കമ്മൽ.