കാസർകോട്: ലോക്ക് ഡൗണിൽ കുടുങ്ങിയ റുവാണ്ടൻ സ്വദേശിയെ മടക്കി അയക്കാൻ കൈകോർക്കുകയാണ് കാസർകോട് ജില്ലയിലെ കാടകം ഗ്രാമം. കൊവിഡ് കാലത്ത് നാട്ടിലെത്താനാവാതെ വിഷമിക്കുമ്പോൾ ബെന്നി എന്ന വിളിപ്പേരിൽ നാട്ടുകാരുടെ പ്രിയങ്കരനായ പടിഞ്ഞാറൻ ആഫ്രിക്കക്കാരനായ ഉക്കിസിമാവോ ബെവെന്യൂവിനെ ചേർത്ത് പിടിക്കുകയാണ് ഇവിടുത്തെ മനുഷ്യസ്നേഹികൾ.
ഫുട്ബോൾ എന്ന വികാരം കണ്ണി ചേർത്ത 10 വർഷത്തെ ദൃഢമായ ആത്മബന്ധമുണ്ട് കാറഡുക്കയുമായി ബെന്നിക്ക്. വലിയ സുഹൃത്ത് വലയവും. കാടകം ഫ്രൻസ് കമ്പയിൻസിനായി സെവൻസ് മൈതാനത്തിറങ്ങാൻ 2010ലാണ് റുവാണ്ടൻ സ്വദേശിയായ ബെന്നി ആദ്യമെത്തിയത്. പെരുമാറ്റം കൊണ്ടും നിഷ്കളങ്കമായ ജീവിത ശൈലി കൊണ്ടും അന്ന് മുതൽ ഈ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി ബെന്നി. ചെന്നൈയിൽ ബിരുദാനന്തര ബിരുദ കോഴ്സിന് ചേരാൻ ഇത്തവണ ഇന്ത്യയിലെത്തിയപ്പോൾ ആദ്യം വന്നത് കാറഡുക്കയിലേക്ക്. ഉറ്റ സുഹൃത്തിന്‍റെ കല്യാണം കൂടാൻ. പക്ഷെ കൊവിഡ് നിയന്ത്രണത്തിൽ കല്യാണം മാറ്റിവച്ചതിനൊപ്പം ബെന്നിയും ഇവിടെ കുടുങ്ങി.
കാടകം ഫ്രൻസ് കമ്പയിൻസ് പ്രവർത്തകർ എടുത്ത് നൽകിയ മുറിയിലാണ് ബെന്നിയുടെ താമസം. ഭക്ഷണത്തിനടക്കം അല്ലലില്ലാതെ മുന്നോട്ട് പോകുമ്പോഴും കൊവിഡ് കാലത്ത് നാട്ടിലെ ഉറ്റവർ അനുഭവിക്കുന്ന പ്രയാസം ബെന്നിയെ മടക്കി വിളിക്കുകയാണ്. സ്വദേശത്തേക്ക് മടങ്ങാൻ സാമ്പത്തികമായടക്കം പ്രയാസപ്പെടുമ്പോൾ മറ്റൊരു രാജ്യത്തെ നാടുമായും നാട്ടുകാരുമായുമുണ്ടായ ആത്മബന്ധമാണ് ബെന്നിക്ക് താങ്ങാകുന്നത്. ടിക്കറ്റ് തുകയടക്കം കണ്ടെത്താൻ കൂട്ടമായി കരാർ ജോലികൾ ചെയ്ത് പണം സ്വരൂപിക്കുകയാണ് കാടകം ഫ്രൻസ് കമ്പയിൻസ് പ്രവർത്തകർ. ലോകത്തിന്‍റെ ഏതോ കോണിൽ നിന്നുമെത്തി മറുനാട്ടുകാരുടെ സ്നേഹവായ്പ് ആവോളമനുഭവിക്കുന്ന ബെന്നി ഒരു കാര്യം ഉറപ്പിക്കുന്നു. താൻ ഇവിടെ പിറന്നതല്ലെങ്കിലും തന്‍റെ കുടുംബമാണ് ഈ കാടകത്തുള്ളവരെന്ന്.