കാസർകോട്: ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി തുറന്നു പ്രവര്‍ത്തിച്ച വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ അളവ്തൂക്ക നിയന്ത്രണ വിഭാഗം പരിശോധന നടത്തി. സാനിറ്ററൈസര്‍, കുപ്പിവെള്ളം എന്നിവക്ക് അവശ്യസാധന വില നിയന്ത്രണ നിയമപ്രകാരം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വില ഈടാക്കിയതിന് ഓരോ കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തു.
കടകളില്‍ പച്ചക്കറികള്‍ വില്‍പനക്കായി കൂട്ടിയിട്ട സ്ഥലത്ത് ഉപഭോക്താവിന് വ്യക്തമായി കാണാന്‍ സാധിക്കുന്ന രീതിയില്‍ അതാത് പച്ചക്കറികളുടെ വില പ്രദര്‍ശിപ്പിക്കണെമന്ന് നിര്‍ദേശം നല്‍കി. പൊതുവിപണിയില്‍ അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവെയ്‌പ് തുടങ്ങിയവ തടയുന്നതിനുമായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലീഗല്‍ മെട്രോളജി, റവന്യു, സിവില്‍ സപ്ലൈസ് വകുപ്പ് എന്നിവയുടെ സംയുക്ത സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.
പരിശോധനയില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ശ്രീനിവാസ പി, മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്‌ടര്‍ ശശികല കെ, മറ്റ് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ ശ്രീജിത്, റോബര്‍ട്ട് പെര, മുസ്‌തഫ ടി.കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.