കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാല നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. റെയിൽപ്പാളത്തിന് മുകളിൽ സ്ഥാപിക്കാനുള്ള ഗാർഡറുകൾ എത്തി. ഗാർഡറുകൾ സ്ഥാപിച്ചാൽ മേൽപ്പാലം നിർമ്മാണം വേഗത്തിൽ പൂർത്തിയാകും. തൃശിനാപ്പള്ളി റെയിൽവേ ഫാക്ടറിയിൽ റെയിൽവേ സുരക്ഷാ കമ്മിഷന്‍റെ മേൽനോട്ടത്തിൽ പണിത കോൺക്രീറ്റ് സ്റ്റീൽ കോംബോ സെറ്റ് ഗാർഡറുകളാണ് നിർമാണത്തിനായി എത്തിച്ചത്. ഗാർഡറുകളുടെ നട്ടും ബോൾട്ടും ഘടിപ്പിക്കുന്ന പണി പൂർത്തിയായാൽ ഗാർഡറുകൾ തൂണിൽ കയറ്റും. ഇതോടെ മേൽപ്പാലത്തിന്‍റെ നിർണായക ഘട്ടവും പൂർത്തിയാകും.
നിർമാണം പൂർത്തിയാകുന്നതോടെ തീരദേശ വാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുക. ബെംഗളുരുവിൽ നിന്നും എറണാകുളത്തു നിന്നും എത്തുന്ന സുരക്ഷാ കമ്മിഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ഗാർഡറുകൾ സ്ഥാപിക്കുക. കൊവിഡ് 19 പ്രോട്ടോകോൾ പ്രകാരം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിലവിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. നിർമാണം വേഗത്തിൽ പൂർത്തിയാകുന്നതോടെ കുശാൽനഗർ, ആവിക്കര, മീനാപ്പീസ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് റെയിൽവേ ഗേറ്റിൽ മണിക്കൂറുകൾ കാത്ത് നിൽക്കാതെ നഗരത്തിലെത്താൻ സാധിക്കും.