കാസർഗോഡ്: വഴിയോരങ്ങളിലെ തട്ടുകടകളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ ഇനി പാഴ്‌സല്‍ വഴി മാത്രം. കടകളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തു. ഗ്ലൗസും മാസ്‌കും ധരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പാഴ്‌സല്‍ വിതരണം ചെയ്യേണ്ടതെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടകള്‍ ഉടന്‍ നീക്കം ചെയ്യുന്നതിന് റവന്യു- പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേര്‍ന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകീട്ട് ആറിന് അടയ്ക്കണം, കൂടാതെ കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല. മറ്റു കടകള്‍ക്ക് രാത്രി ഒൻപത് മണി വരെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്ക രോഗ വ്യാപനം തടയുന്നതിനായി ഈ കടകളില്‍ ഡിസ്പോസിബിള്‍ ഗ്ലാസുകളില്‍ മാത്രം പാനീയങ്ങള്‍ വിതരണം ചെയ്യുകയും ഭക്ഷണം നല്‍കുന്നതിനായി സ്‌റ്റീല്‍ ഗ്ലാസുകൾ, പുന:രുപയോഗിക്കുന്ന പാത്രങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തെരഞ്ഞെടുത്ത 10 വോളണ്ടിയര്‍മാരെ വീതം കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന് പൊലീസിനെ സഹായിക്കാന്‍ നിയോഗിക്കുകയും അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യും.