കാസർകോട്: പരിസ്ഥിതി സംരക്ഷണം ജീവിത പാഠമാക്കുകയാണ് അങ്കടിമുഖർ ഗവൺമെന്‍റ് ഹയർസെക്കന്‍ററി പ്രധാനാധ്യാപകനായ ഷാഹുൽ ഹമീദ്. പരിസ്ഥിതിയെക്കുറിച്ച് വിദ്യാർഥികൾക്ക് പറഞ്ഞ് കൊടുക്കുന്നതിന് പകരം തന്‍റെ ജീവിതചര്യയിലൂടെ പഠിപ്പിക്കുകയാണ് ഈ അധ്യാപകൻ. തന്‍റെ വീടുൾക്കൊള്ളുന്ന ആറ് ഏക്കറിലധികം വരുന്ന ഭൂമി സ്വാഭാവിക വനമാക്കിയാണ് ഷാഹുൽ ഹമീദ് സംരക്ഷിക്കുന്നത്. ഫലവൃക്ഷങ്ങളും, ഔഷധ സസ്യങ്ങളും, കാട്ടുചെടികളുമെല്ലാം ഇവിടെ ഹരിതാഭ പകർത്തി തലയുയർത്തി നിൽക്കുന്നു. പിതൃസ്വത്തായി കിട്ടിയ ഭൂമിയാണ് ഷാഹുൽ ഹമീദ് വനമാക്കി സംരക്ഷിക്കുന്നത്.
മരങ്ങൾക്കിടയിലേക്ക് കത്തിപോലും കൊണ്ടു പോകരുതെന്ന പിതാവിന്‍റെ ഉപദേശം ഷാഹുൽ ഹമീദ് തന്‍റെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു. വീടിനോട് ചേർന്നും രണ്ടേക്കർ വരുന്ന കവുങ്ങിൻ തോപ്പിലും വൻ മരങ്ങളുണ്ട്. കൃഷിയെന്ന പരിഗണനയിൽ കവുങ്ങിൻ തോട്ടത്തിലെ മരങ്ങൾ മുറിച്ചുകളയില്ലെന്നും ഷാഹുൽ ഹമീദ് വ്യക്തമാക്കി. നാലേക്കറിലധികം വരുന്ന ഭൂമിയിൽ മരങ്ങൾ ഇടതൂർന്ന് വളർന്നതോടെ നിബിഡവനത്തിന്‍റെ പ്രതീതിയാണ്. എല്ലാം ഷാഹുൽ ഹമീദ് നട്ടുവളർത്തിയവയാണ്. എല്ലാം കൂടിയായപ്പോൾ കാട്ടുമൃഗങ്ങളുടെ നല്ലൊരു ആവാസ വ്യവസ്ഥയും ഇവിടെ സൃഷ്ടിക്കപ്പെട്ടു.
സ്വാഭാവിക വന സംരക്ഷണത്തിലെ മികവിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ മികച്ച പരിസ്ഥിതി സംരക്ഷകനുള്ള അവാർഡ്, വനം വകുപ്പിന്‍റെ വനമിത്ര പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും ഈ അധ്യാപകനെ തേടിയെത്തി.