കാസർകോട്: കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യാന്‍ വഴിയൊരുക്കി ഡിജിറ്റല്‍ ആപ്ലിക്കേഷൻ. കാസര്‍കോട് ജില്ലാ ഭരണകൂടമാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ കെഎസ്‌ഡി ആപ്ലിക്കേഷൻ രൂപകൽപന ചെയ്‌തത്. കര്‍ഷകനെയും ഉപഭോക്താവിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് സുഭിക്ഷ ആപ്ലിക്കേഷൻ. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്കു വേണ്ടി ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്ക് മൊബൈല്‍ ആപ്ലിക്കേഷൻ ഒരുക്കുന്നത്.
സ്റ്റാര്‍ട്ട് അപ് മിഷന്‍റെ ഭാഗമായാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ജിപിഎസ് ലൊക്കേഷന്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് കൃഷിയിടത്തില്‍ നേരിട്ടെത്തി ന്യായമായ വിലയ്ക്ക് ഉൽപന്നം സ്വന്തമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതാക്കാനാകും. ലോക്ക്ഡൗണ്‍ കാലത്ത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഉൽപന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവാണ് ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ചത്.
കലക്‌ടറുടെ ക്യാമ്പ് ഹൗസില്‍ വിളഞ്ഞ പപ്പായ സുഭിക്ഷ ആപ്ലിക്കേഷൻ ഉപയോഗിച്ച് കലക്‌ടര്‍ക്ക് വില കൊടുത്ത് വാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ ജി സി ബഷീര്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്‌തു. വിള നശിച്ചുപോകുമെന്ന ഭയത്തില്‍ കിട്ടിയ വിലയ്ക്ക് നഷ്‌ടം സഹിച്ച് വില്‍പന നടത്തുന്ന കര്‍ഷകരുടെ ദുരവസ്ഥയ്ക്കാണ് ആപ്ലിക്കേഷന്‍ നിലവില്‍ വന്നതോടെ പരിഹാരമാകുന്നത്. മൊബൈല്‍ ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാമെന്നതിനാല്‍ എല്ലാ നഗര ഗ്രാമപ്രദേശങ്ങളിലും ഈ സംവിധാനത്തിന്‍റെ ഗുണഫലം ലഭ്യമാകും.
പേര്, പിന്‍കോഡ്, സ്ഥലം അടക്കമുള്ള വിവരങ്ങള്‍ ഗുണഭോക്താവ് ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഉത്പന്നങ്ങള്‍ വില്‍ക്കുകയാണെങ്കില്‍, വില്‍ക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പഴം, പച്ചക്കറി, ധാന്യം, മറ്റുള്ളവ എന്നിവയില്‍ നിന്നും കാറ്റഗറി സെലക്‌ട് ചെയ്‌ത്, വില്‍ക്കാനുള്ള സാധനത്തിന്‍റെ തൂക്കവും മാര്‍ക്കറ്റ് വിലയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിലയും എന്‍റർ ചെയ്യണം. തുടര്‍ന്ന് ഉൽപന്നത്തിന്‍റെ പടം അപ്ലോഡ് ചെയ്‌താൽ നടപടി പൂര്‍ത്തിയായി. ഉൽപന്നം വാങ്ങാനാണെങ്കില്‍, വാങ്ങുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍, നിങ്ങളുടെ സമീപ പ്രദേശത്ത് നിന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്‌ത ഉൽപന്നങ്ങള്‍ കാണാന്‍ സാധിക്കും. ഉൽപന്നം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഉത്പാദിപ്പിച്ച കര്‍ഷകനുമായി ബന്ധപ്പെടാന്‍ വാട്‌സ്ആപ്പ് സൗകര്യവും ഫോണ്‍വഴി സംസാരിക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്.