കാസർകോട് : മുൻസിപ്പൽ യുപി സ്‌കൂളിൽ എത്തിയാൽ ഭിത്തിയിൽ ഒട്ടിച്ച ഒരു മുന്നറിയിപ്പ് ബോർഡ് കാണാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു - "ഈ മരം ആട്ടരുത്, മരത്തിൽ കൂടുണ്ട്, കൂട്ടിലൊരു പക്ഷിയമ്മയും മുട്ടയും ഉണ്ട്'. ക്ലാസ് മുറിക്ക് മുന്നിലെ മുൾച്ചെടിയിൽ കൂടുകൂട്ടിയ ബുൾബുളിനും മുട്ടകൾക്കും സംരക്ഷണമൊരുക്കാനാണ് വിദ്യാർഥികൾ മുന്നറിയിപ്പ് എഴുതി ഭിത്തിയിൽ ഒട്ടിച്ചത്.
മൂന്നാഴ്‌ച മുമ്പാണ് ബുൾബുൾ പക്ഷിയെയും അതിന്‍റെ കൂടും ചെടിക്ക് മുകളിൽ കുട്ടികൾ കണ്ടത്. ഉടൻ അധ്യാപകനെ വിവരം അറിയിച്ചു. ചെടി സ്‌കൂളിന് മുറ്റത്ത് തന്നെ ആയതിനാൽ മറ്റ് വിദ്യാർഥികൾ അബദ്ധത്തിൽ പിടിക്കുമോ എന്ന ആശങ്ക കുട്ടികൾക്ക് ഉണ്ടായി. അങ്ങനെ നാലാം ക്ലാസ് ബി ഡിവിഷനിലെ മിടുക്കരായ വിദ്യാർഥികൾ ഒന്നിച്ചിരുന്ന് ഈ കൂട് എങ്ങനെ സംരക്ഷിക്കാം എന്ന് ചിന്തിച്ചു.
ഒടുവിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാം എന്നുറപ്പിച്ചു. വിദ്യാർഥികൾ തന്നെയാണ് മുന്നറിയിപ്പ് എഴുതി ഒട്ടിച്ചത്. സമീപത്ത് സിസിടിവി ഇല്ലല്ലോ പിന്നെന്തിനാണ് മുന്നറിയിപ്പിൽ സിസിടിവി ഉണ്ടെന്ന് എഴുതിയതെന്ന് ചോദിച്ചപ്പോൾ ഞങ്ങളാണ് സിസിടിവി എന്നായിരുന്നു കുട്ടികളുടെ മറുപടി. പിന്നീട് പക്ഷിക്കും മുട്ടയ്‌ക്കും ഈ കുട്ടികൾ രക്ഷകരാകുന്ന കാഴ്‌ചയാണുണ്ടായത്.
രാവിലെയും വൈകിട്ടും കുട്ടിപ്പട്ടാളം പക്ഷിയും കൂടും സുരക്ഷിതമാണെന്ന് ഉറപ്പിക്കും. പക്ഷി, കുട്ടികളെ നോക്കുകയും ശബ്‌ദം പുറപ്പെടുവിക്കുകയും ചെയ്യും. ഏതായാലും മുട്ട വിരിഞ്ഞ് ബുൾബുൾ കുഞ്ഞുങ്ങളെ കാണാനുള്ള ആകാംക്ഷയിലാണ് കുട്ടികൾ. പുസ്‌തകത്തിൽ പണ്ട് പഠിച്ചിട്ടില്ലേ, കിളികളും കുട്ടികളും കൂട്ടുകാരായ കഥകൾ. അതിപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
മൈനയുമായുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് 3-ാം ക്ലാസ് വിദ്യാർഥിനി : വായനക്കാരുടെ ഹൃദയം തൊട്ട കഥയാണ് ഓസ്‌കർ വൈൽഡിന്‍റെ 'ദി ഹാപ്പി പ്രിൻസ്'. ഒരു പക്ഷിയും പ്രതിമയും തമ്മിലുള്ള നിഷ്‌കളങ്കമായ പ്രണയത്തെ കുറിച്ചുള്ള കഥയാണിത്. എന്നാൽ ജീവിതത്തിൽ സമാനമായൊരു അനുഭവമുള്ള ഒരു പെൺകുട്ടിയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഉണ്ട്, പശ്ചിമ ബംഗാളിലെ കാങ്ക്‌സ ഗ്രാമത്തിൽ.
ശിവപൂർ പ്രൈമറി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി അങ്കിത ബാഗ്‌ദിയാണ് താരം. അങ്കിതയ്‌ക്ക് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തുണ്ട് സ്‌കൂളിൽ. മിഥു, മനുഷ്യനല്ല, മറിച്ച് അങ്കിത വളർത്തുന്ന ഓമനത്തമുള്ള ഒരു മൈനയാണിത്.
ക്ലാസ് മുറിയിലെ ബെഞ്ചിൽ അങ്കിതയുടെ ചുമലിലും തലയിലും പറ്റിച്ചേർന്നിരുന്ന് ഒരു കുഞ്ഞ് വിദ്യാർഥിയെ പോലെ മിഥുവും ക്ലാസുകൾ കേൾക്കും. മറ്റ് പക്ഷികളെപ്പോലെ അല്ല മിഥു. ക്ലാസ് മുറികളിലെ ബഹളങ്ങളോ, ബെൽ ശബ്‌ദമോ ഒന്നും അവളെ ഭയപ്പെടുത്തുകയില്ല.
'എനിക്ക് മിഥുവിനെ വളരെ ഇഷ്‌ടമാണ്. മിഥുവിന് എന്നെയും. എന്നും കൃത്യസമയത്ത് മിഥു സ്‌കൂളിലെത്തും. സ്‌കൂൾ കഴിഞ്ഞാൽ അവൾ മരത്തണലിലേക്ക് മടങ്ങും, ഞാന്‍ സ്‌കൂളിലെത്താത്ത ദിവസങ്ങളിൽ എന്നെ തേടി മിഥു വീട്ടിലേക്ക് വരും' - അങ്കിത ഇടിവി ഭാരതിനോട് പറഞ്ഞു.