കാസർകോട്: സി.പി.എം ബോര്‍ഡില്‍ തങ്ങളുടെ പ്രവര്‍ത്തകരുടെ ചിത്രം മോര്‍ഫ് ചെയ്‌ത് ചേര്‍ത്തതായി എസ്.ടി.യു. സി.പി.എം ജില്ലാ സമ്മേളന നഗരിയിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡുമായി ബന്ധപ്പെട്ടാണ് ആരോപണം. ബോര്‍ഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളാണെന്ന് എസ്.ടി.യു നേതാക്കള്‍ പറഞ്ഞു.
തൊഴിലാളികളുടെ യഥാര്‍ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകി മോർഫ് ചെയ്താണ് ബോർഡിൽ ചേർത്തിരിക്കുതെന്നും എസ്.ടി.യു ആരോപിച്ചു. കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി.ഹസൈനാർ എന്ന അച്ചു തുടങ്ങിയ തുടങ്ങിയവരുടെ ഫോട്ടോയാണ് മോർഫ് ചെയ്ത് സി.പി.എം സമ്മേളനത്തിൽ ഉപയോഗിച്ചിട്ടുള്ളതെന്നും എസ്. ടി. യു നേതാക്കൾ പറയുന്നു.
also read: വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി അതിർത്തി കടക്കാൻ ശ്രമം; മലയാളികൾക്കെതിരെ കർണാടക പൊലീസ് കേസെടുത്തു
എസ്.ടി.യു തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെക്കേണ്ട ഗതികേടിലേക്ക് സി.പി.എം എത്തിയിരിക്കയാണെന്ന് ദേശീയ വൈസ് പ്രസിഡൻ്റ് എ. അബ്ദുല്‍ റഹ്‌മാൻ പറഞ്ഞു. തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് സി.പി.എം സമ്മേളനത്തിൻ്റെ ഭാഗമായി പ്രദർശിപ്പിച്ചതിനെതിരെ പരാതി നൽകുമെന്ന് എസ്.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികളും പ്രതികരിച്ചു.