കാസർകോട്: ചീമേനിയിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ചീമേനി കനിയംതോലിലെ സോമിനിക്കും അവരുടെ ഭർത്താവിനും കൂടാതെ പൊതാവൂർ നരിയംമൂലയിലെ ആനൂപ് അള്ളറാട്ടെ നന്ദകിഷോർ എന്നിവർക്കാണ് കടിയേറ്റത്. ഇവര്‍ നീലേശ്വരം താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. കടിയേറ്റവരില്‍ അനൂപിന്‍റെ കൈയാണ് തെരുവുനായകൾ കടിച്ചുകീറിയത്.
അതേസമയം കാസര്‍കോട് ജില്ലയില്‍ തെരുവുനായ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ 3500 ഓളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ആക്രമണം വര്‍ധിക്കുമ്പോളും തെരുവുനായ വന്ധ്യകരണത്തിനായി ജില്ലയില്‍ ആകെയുള്ള രണ്ട് എബിസി കേന്ദ്രങ്ങളും അടച്ചിട്ട നിലയിലുമാണ്. ജൂൺ മാസം മാത്രം 400 ലധികം പേര്‍ക്ക് കടിയേറ്റു. ജനുവരി-555, ഫെബ്രുവരി-696, മാര്‍ച്ച്-757, ഏപ്രില്‍-647, മേയ്- 658 എന്നിങ്ങനെയാണ് കണക്കുകള്‍.
പ്രതിരോധം പാളുന്നോ?: കഴിഞ്ഞദിവസം ഇടുക്കിയിലെ കഞ്ഞിക്കുഴി വെൺമണിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്തു വയസുകാരനെ തെരുവുനായ ആക്രമിച്ചിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ വെണ്‍മണി കുളമ്പള്ളിയില്‍ സിജോയുടെ മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഡിലീഷിനെയാണ് തെരുവുനായ ആക്രമിച്ചത്. തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ തൊടുപുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യ തവണ നല്‍കേണ്ട പ്രതിരോധ കുത്തിവയ്‌പ്പ് മാത്രം നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. പിന്നീട് രാത്രിയോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ച് രണ്ടാംഘട്ട പ്രതിരോധ കുത്തിവയ്‌പ് നല്‍കുകയായിരുന്നു.
വെണ്‍മണി ജങ്‌ഷന് സമീപത്ത് വച്ചായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട ശേഷം ട്യൂഷനുപോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഡിലീഷും സഹോദരങ്ങളും. ഇതിനിടെയാണ് മുന്നിലായി നടന്നുപോയ ഡിലീഷിനെ തെരുവുനായ കടിച്ചത്. നായ കടിച്ചതിനു പിന്നാലെ കൂടുതല്‍ നായകള്‍ കുട്ടിയ്ക്കു നേരെ ഓടിയടുത്തു. നിലവിളി കേട്ട് വെണ്‍മണി ജങ്‌ഷനിലുണ്ടായിരുന്നവര്‍ ഓടിയെത്തി നായ്ക്കളെ തുരത്തിയാണ് കുട്ടിയെ രക്ഷപെടുത്തിയത്. പിന്നീട് സമീപത്തുണ്ടായിരുന്ന ജീപ്പില്‍ ഡിലീഷിനെ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷെ ആദ്യ ഡോസിനു ശേഷം രണ്ടാം ഡോസിനുള്ള മരുന്നില്ലാത്തതിനാല്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു പിതാവ് സിജോയുടെ പ്രതികരണം.
പരിഹാരം അവധിയോ: അടുത്ത ദിവസങ്ങളിലായി തെരുവുനായ ശല്യം രൂക്ഷമായതോടെ കോഴിക്കോട് ആറ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്തിലാണ് തെരുവുനായ ശല്യം രൂക്ഷമായതോടെ മേഖലയിലെ ആറ് വിദ്യാലയങ്ങള്‍ക്ക് അവധി നൽകിയത്. സ്‌കൂളുകൾ കൂടാതെ, അങ്കണവാടികൾക്കും അന്നേദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും തെരുവുനായ ശല്യത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 9ന് കൂത്താളിയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പിറ്റേന്ന് അവധി പ്രഖ്യാപിച്ചത്.