കാസര്‍കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ വരവറിയിച്ച് പ്രചാരണവുമായി പട്ടം പറത്തല്‍. ഒഴിഞ്ഞ വളപ്പ് കടപ്പുറത്താണ് 60ാമത് കലോത്സവത്തിന്‍റെ മുന്നോടിയായി 60 പട്ടങ്ങള്‍ പറത്തിയത്. കാസര്‍കോടുകാരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വിരുന്നെത്തിയ മേളയെ ജനകീയമാക്കുന്നതിന്റെ തിരക്കിലാണ് കാഞ്ഞങ്ങാട്ടുകാര്‍. വിവിധ വര്‍ണങ്ങളിലുള്ള അറുപത് പട്ടങ്ങള്‍ വാനിലുയര്‍ത്തിയാണ് ഒഴിഞ്ഞ വളപ്പ് റെഡ് സ്റ്റാര്‍ ക്ലബും നായനാര്‍ വായനശാലയും അറുപതാമത് മേളയുടെ പ്രചാരണത്തിന് കൈകോര്‍ത്തത്. കാഞ്ഞങ്ങാട് ഇന്‍സ്പെക്ടര്‍ കെ.വിനോദ് പട്ടം പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധയിനം പ്രചാരണങ്ങളാണ് ക്ലബുകളും സന്നദ്ധ സംഘടനകളും നടത്തുന്നത്. ക്ലബ് പ്രവര്‍ത്തകര്‍ തന്നെയാണ് പേപ്പറുകളും മുളന്തണ്ടുകളും ഉപയോഗിച്ച് പട്ടങ്ങള്‍ നിര്‍മ്മിച്ചത്. നാടിന്റെ ഉത്സവമാകുന്ന കലാമേളയുടെ പ്രചാരണത്തിന് വിവിധങ്ങളായ പരിപാടികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.