കാസര്‍കോട്: പരീക്ഷയില്‍ എ പ്ലസുകള്‍ ഇല്ലാതെ നേടിയ വിജയത്തിന് പൊന്നിന്‍ തിളക്കം. പുല്ലൂര്‍ പെരിയ സ്വദേശിയായ തേപ്പ് തൊഴിലാളി ശശിയുടെയും പുഷ്പലതയുടെയും രണ്ടാമത്തെ മകളാണ് ഈ കൊച്ചു മിടുക്കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ ശ്രീനിഷയ്ക്ക് ഇടത് കൈ ഇല്ല.
സാമ്പത്തിക പരാധീനതകള്‍ എന്നും കൂട്ടായുണ്ട് ഈ കുടുംബത്തിന്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ പഠനക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് നിരവധി ക്ലാസുകളും ശ്രീനിഷയ്ക്ക് നഷ്‌ടപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ മാത്രമായിരുന്നു ശ്രീനിഷയ്ക്ക് പഠനത്തിനായുള്ള ഏക മാര്‍ഗം.
പഠിച്ച് ആയുര്‍വേദ ഡോക്ടറാവണമെന്നാണ് ശ്രീനിഷയുടെ ആഗ്രഹം. എന്നാല്‍ കൈയില്ലാത്ത തനിക്ക് ഡോക്‌ടറാവാന്‍ കഴിയുമോയെന്ന ആശങ്ക ഈ കൊച്ചു മിടുക്കിയെ നിരാശപ്പെടുത്തുന്നുമുണ്ട്. എങ്കിലും ആത്മ വിശ്വാസത്തോടെ ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണ് ശ്രീനിഷ.
അതിനായി കീം പരീക്ഷക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്. പരീക്ഷക്കായി തയ്യാറെടുപ്പും നടത്തി തുടങ്ങി. യുട്യൂബ് നോക്കിയാണ് ശ്രീനിഷ എന്‍ട്രന്‍സിനായി പഠനമാരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്‍പ്പെട്ടിട്ടും ഭരണകൂടവും സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നിർദേശിച്ച നഷ്ടപരിഹാരം പോലും ശ്രീനിഷക്ക് ലഭിച്ചില്ല. പെന്‍ഷന്‍ മാത്രമായിരുന്നു ആശ്വാസം. എന്നാല്‍ കുറെ നാളായി അതും മുടങ്ങി.
അച്ഛന്‍റെ തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്‍റെ ആശ്രയം. ശ്രീനിഷയുടെ സഹോദരനും സഹോദരനും വിദ്യാര്‍ഥികളാണ്. മൂവരെയുടെയും പഠനത്തിനും ഉപജീവനത്തിനുമായുള്ള നെട്ടോട്ടത്തിലാണ് ശ്രീനിഷയുടെ അച്ഛന്‍. എങ്കിലും ജീവിത പ്രയാസങ്ങളെല്ലാം മാറി കുടുംബത്തിനൊപ്പം സന്തോഷമായി കഴിയുന്ന ഒരുക്കാലം വരുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ശ്രീനിഷയും കുടുംബവും.
also read:ഇത് പൊരുതി നേടിയ വിജയം; എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി നേപ്പാൾ സ്വദേശി ആരതി