കാസർകോട് : ട്രെയിനുകളിൽ ജനറൽ കോച്ച് സംവിധാനം രണ്ട് മാസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്നും കൊവിഡ് കാരണം നിർത്തിവച്ച സേവനങ്ങൾ താമസിയാതെ തുടങ്ങുമെന്നും പ്രതീക്ഷയറിയിച്ച് ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ജോൺ തോമസ്. വടക്കേ മലബാറിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പാത ഇരട്ടിപ്പിക്കലും മംഗളൂരു ജങ്‌ഷനിലെ ടണലും മാർച്ചോടെ പൂർത്തിയാക്കും. റെയിൽവേ മേൽപാലങ്ങളുടെ നിർമാണം വേഗത്തിലാക്കുമെന്നും ജോൺ തോമസ് പറഞ്ഞു.
വാർഷിക പരിശോധനയുടെ ഭാഗമായാണ് പ്രത്യേക ട്രെയിനിൽ ജോൺ തോമസ് അടക്കമുള്ള ഉദ്യോഗസ്ഥർ മംഗളൂരുവിൽ നിന്ന് കാസർകോട് എത്തിയത്.
ALSO READ:രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പെരിയയില്‍ ; രാജ്മോഹന്‍ ഉണ്ണിത്താന് ക്ഷണമില്ല, പ്രതിഷേധം
എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർ യാത്രക്കാരുടെ പ്രശ്‌നങ്ങൾ വിശദമായി അറിയിച്ചു. ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് അനുവദിക്കണമെന്നും നിത്യവും യാത്രചെയ്യേണ്ടിവരുന്ന വിദ്യാർഥികൾക്കും സ്ഥിരം യാത്രാക്കാർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ട്രെയിനുകളിൽ സീസൺടിക്കറ്റ് പുനരാരംഭിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കണ്ണൂരിൽ നിർത്തിയിടുന്ന മെമു സർവീസ് മംഗളൂരുവരെ നീട്ടണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. മംഗളൂരു– കാസർകോട് പാതകളുടെ വേഗ പരിശോധന നടത്തി മികവുറ്റതാണെന്ന് സംഘം വിലയിരുത്തി. റെയിൽവെ സ്‌റ്റേഷൻ, റെയിൽ പാളങ്ങളുടെ സുരക്ഷ, വൈദ്യുതി, സിഗ്‌നൽ സംവിധാനങ്ങൾ, പാലങ്ങളുടെ നിർമാണ പുരോഗതി എന്നിവയും പരിശോധിച്ചു.
പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ സുധീർ പൻവാർ, കൺസ്‌ട്രക്‌ഷൻ ചീഫ് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസർ പ്രഫുല്ല വർമ എന്നിവരടക്കം 15 ഉന്നത ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു.