കാസർകോട്: ലോകവനിത ദിനത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി കാസര്‍കോട് കാഞ്ഞങ്ങാട് ഒരു വിവാഹം. അഭിഭാഷകനും സിനിമാതാരവുമായ ഷുക്കൂറും ഭാര്യ ഷീനയുമാണ് 28 വർഷത്തിന് ശേഷം വീണ്ടും വിവാഹിതരായത്. മുസ്‌ലിം വ്യക്തിനിയമത്തിലെ സ്വത്തവകാശ വിനിമയ പ്രതിസന്ധി മറികടക്കാനായിട്ടാണ് ഇത്തവണത്തെ വിവാഹം. മൂന്ന് പെണ്‍മക്കളെയും സാക്ഷിയാക്കിയാണ് ഇരുവരും സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്ററില്‍ ഒപ്പുവച്ചത്. മക്കള്‍ വിവാഹ ബൊക്ക സമ്മാനിച്ചു. ഈ മാതാപിതാക്കള്‍ അഭിമാനമാണെന്ന് മക്കള്‍ പ്രതികരിച്ചു.
1994 ഒക്ടോബര്‍ ആറിനാണ് ഇരുവരുടെയും ആദ്യ വിവാഹം. ഇസ്‌ലാമിക പിന്തുടര്‍ച്ച നിയമപ്രകാരം ഒരാള്‍ക്ക് പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ അയാള്‍ സ്വത്ത് വീതം വയ്ക്കാതെ മരിച്ചാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം പെണ്‍മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. ഒരു ഭാഗം അയാളുടെ സഹോദരനും ലഭിക്കും. ഇസ്‌ലാമിക നിയമപ്രകാരം പിതാവ് മരണപ്പെട്ടാല്‍ പെണ്‍മക്കളുടെ സംരക്ഷണ ബാധ്യത പിതാവിന്‍റെ സഹോദരനാണ്. അതിനാലാണ് ശരിഅ പ്രകാരം സ്വത്തിന്‍റെ ഒരു ഭാഗം പിതാവിന്‍റെ സഹോദരന് നല്‍കണമെന്ന് വിധിക്കുന്നത്. എന്നാല്‍ തന്‍റെ സ്വത്തിന്‍റെ ഭാഗം സഹോദരന് പോകാതിരിക്കാനും മുഴുവൻ സ്വത്തും തന്‍റെ പെണ്‍മക്കള്‍ക്ക് ലഭിക്കാനുമാണ് അഭിഭാഷകനായ ഷുക്കൂര്‍ ഇസ്‌ലാമിക നിയമം വിട്ട് സെപ്ഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹതിനായത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്‍ക്ക് ഇഷ്ടമുള്ളത് പോലെ സ്വത്ത് വീതം വയ്ക്കാൻ ശരിഅ അനുവാദം നല്‍കുന്നുണ്ട്. അതിന് അനന്തരാവകാശത്തിലെ ഒരു നിയമവും ബാധകമല്ല. എന്നാല്‍ ഇതൊന്നും സ്വീകാര്യമല്ല എന്ന നിലപാട് ഷുക്കൂറിനുള്ളത്.
ഭാര്യ ഷീനയെ താൻ ഒരിക്കൽകൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 'ന്നാ താൻ കേസ് കൊട്" എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയ നടനാണ് ഷുക്കൂർ. കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയാണ് ഷീന.
ഇസ്‌ലാമിക നിയമപ്രകാരം സ്വത്തിന്‍റെ വീതം വയ്ക്കല്‍: ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് ഒരു മകള്‍ മാത്രമാണെങ്കില്‍ മൊത്തം സ്വത്തിന്‍റെ പകുതി ലഭിക്കും. ഒന്നിലധികം പെണ്‍കുട്ടികള്‍ മാത്രമാണെങ്കില്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി നല്‍കും. ഒരു മകൻ മാത്രമാണെങ്കില്‍ മറ്റ് അവകാശികള്‍ക്ക് അവരുടെ സ്വത്ത് നല്‍കിയ ശേഷം ബാക്കിയുള്ള സ്വത്ത് മുഴുവൻ മകന് ലഭിക്കും. ഒന്നിലധികം ആണ്‍മക്കളാണെങ്കിലും മറ്റ് അവകാശികള്‍ക്ക് അവരുടെ സ്വത്ത് നല്‍കിയ ശേഷം ബാക്കിയുള്ള സ്വത്ത് മക്കള്‍ക്കിടയില്‍ തുല്യമായി പങ്കുവയ്ക്കും. ആണ്‍മക്കളും പെണ്‍മക്കളുമാണെങ്കില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വത്തിന്‍റെ അത്രയും ഭാഗം ആണ്‍കുട്ടിക്ക് നല്‍കും.
ജീവിച്ചിരിക്കുമ്പോള്‍ ഇഷ്ടം പോലെ ചെയ്യാം: ജീവിച്ചിരിക്കുന്ന കാലത്ത് അയാള്‍ക്ക് ഇഷ്ടമുള്ളത് പോലെ സ്വത്ത് എഴുതി നല്‍കാം. അനന്തരവകാശം ബാധകമാവുന്നത് ഒരാള്‍ ജീവിച്ചിരിക്കുന്ന കാലത്ത് സ്വത്ത് വീതം വയ്ക്കാതെ മരണപ്പെട്ടാലാണ്.
വസ്വിയ്യത്തിന് പ്രാധാന്യമില്ല: എന്നാല്‍ വസ്വിയ്യത്ത് (ഒസ്സിയത്ത്) ചെയ്യാൻ കഴിയില്ല. കാരണം, മരിച്ച് കഴിഞ്ഞാല്‍ സ്വത്തിന്‍റെ വിനിയോഗം ഇസ്‌ലാമിക നിയമം അഥവ ശരിഅ പ്രകാരമാവണം. വസ്വിയ്യത്ത് ചെയ്യാതെ ഒരാള്‍ക്ക് സ്വത്ത് സ്വന്തം ഇഷ്ടം പോലെ എഴുതി നല്‍കാം.
എന്തുക്കൊണ്ട് ഈ അസ്വമത്വം: തീര്‍ച്ചയായും ഉയര്‍ന്നുവരുന്ന ചോദ്യമാണ് ഇസ്‌ലാമിക നിയമസംഹിതയില്‍ എന്തുക്കൊണ്ട് ഇങ്ങനെ അസമത്വം ഉണ്ടായി എന്നത്. സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നു. എത്ര വേണമെങ്കിലും ആവാം. എന്നാല്‍ ആ സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്.
സ്ത്രീയുടെയോ കുഞ്ഞുങ്ങളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരിക്കലും സ്ത്രീയുടെ ബാധ്യതയല്ല. എത്ര സമ്പത്തുണ്ടെങ്കിലും തന്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ സ്ത്രീക്ക് ബാധ്യതയില്ല. വിവാഹ വേളയില്‍ വരനില്‍നിന് വിവാഹമൂല്യം നേടിയെടുക്കാൻ സ്ത്രീക്ക് അവകാശമുണ്ട്. ആ വിവാഹമൂല്യം (മഹ്ര്‍) അവളുടെ സമ്പത്തായാണ് കരുതുന്നത്.
കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവ് വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്‍റേതു തന്നെ. അതായത് എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം. ഇതൊന്നും കൂടാതെ ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെ സ്വത്തില്‍നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല. ഇങ്ങനെ വരുമ്പോള്‍ സ്ത്രീയുടെ സ്വത്ത് സ്ത്രീക്ക് മാത്രം അനുഭവിക്കാം. അവള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ മതി. എന്നാല്‍ പുരുഷന് ഇതല്ല സ്ഥിതി. അവന് കുടുംബത്തെ സംരക്ഷിക്കണം. ഈ കാര്യകാരണങ്ങള്‍ ഗണിച്ചാണ് സ്ത്രീക്കും പുരുഷനും രണ്ട് രീതിയില്‍ സ്വത്ത് നല്‍കാൻ ഇസ്‌ലാം കല്‍പിച്ചത്.
ഇതിലെല്ലാം ഉപരിയായി സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കണമെന്ന് കല്‍പിക്കുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പല പരിഷ്കൃത രാജ്യങ്ങളില്‍ പോലും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. പക്ഷേ ഏഴാം നൂറ്റാണ്ടില്‍ ഇറങ്ങിയ ഖുര്‍ആനില്‍ ഇപ്രകാരം നിര്‍ദേശിക്കുന്നു, ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തില്‍ പുരുഷന് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തില്‍ സ്ത്രീക്കും അവകാശമുണ്ട്” (ഖുര്‍ആൻ - 4:7).