കാസർകോട്: വർഷങ്ങളായി കാട് മൂടിക്കിടന്ന സ്ഥലം വൃത്തിയാക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് കരുതുന്ന ശിവലിംഗം കണ്ടെത്തി. കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ ക്ലായിക്കോട് വില്ലേജിൽ വീരഭദ്രസ്വാമി ക്ഷേത്രത്തിനു സമീപത്ത് നിന്നുമാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗത്തിന് പുറമെ ഓടിന്‍റെ കഷ്‌ണങ്ങളും ജ്യാമിതീയ ആകൃതിയിൽ കൊത്തിയെടുത്ത കരിങ്കൽ കഷ്‌ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമീപത്തായി രണ്ട് വലിയ മൺകൂനകൾ കൂടിയുണ്ട്.
പുരാതനമായ മഹാക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവാകാം ഇതെന്ന് നാട്ടുകാർ കരുതുന്നു. റിട്ട. അധ്യാപകൻ പി.വി ശ്രീനിവാസൻ്റെ പറമ്പിൽ നിന്നാണ് ശിവലിംഗം കണ്ടെത്തിയത്. കാട് മൂടിയതുകൊണ്ട് വൃത്തിയാക്കാൻ പ്രദേശവാസികളെ ഏൽപ്പിക്കുകയായിരുന്നു.
ശിവലിംഗത്തിന് 1200 വർഷങ്ങളുടെ പഴക്കമുണ്ടാകാനാണ് സാധ്യതയെന്ന് കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് അഭിപ്രായപ്പെട്ടു. 1200 വർഷങ്ങൾക്ക് മുമ്പ് പ്രതിഷ്‌ഠിക്കപ്പെട്ട ശിവലിംഗങ്ങൾ ഉയരം കുറഞ്ഞാണ് കാണപ്പെടാറുള്ളത്. ക്ലായിക്കോട് നിന്ന് കണ്ടെത്തിയ ശിവലിംഗവും സമാന ആകൃതിയിലുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
ക്ലായിക്കോട് കണ്ടെത്തിയതിൽ നിന്നും വ്യത്യസ്‌തമായി മധ്യകാലഘട്ടം മുതൽ പ്രതിഷ്‌ഠിക്കപ്പെട്ട ശിവലിംഗങ്ങൾ ഉയരം കൂടിയവയാണ്. പുരാവസ്‌തു വകുപ്പിൻ്റെ ഇടപെടലിലൂടെ ഒരു നാടിൻ്റെ ആരാധന സമ്പ്രദായത്തിൻ്റെ കാലനിർണയം നടത്താനാകുമെന്ന് ചരിത്രാധ്യാപകർ കരുതുന്നു. ശിവലിംഗം കാണാൻ നിരവധി പേരാണ് എത്തിച്ചേരുന്നത്.