കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി ഇടത് മുന്നണിയിലെ ഷാനവാസ് പാദൂർ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ജോമോൻ ജോസിനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് ഷാനവാസ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ രണ്ടംഗങ്ങൾ ആർക്കും വോട്ട് രേഖപ്പെടുത്തിയില്ല. ഷിനോജ് ചാക്കോ ആണ് ഷാനവാസ് പാദൂറിനെ നിർദേശിച്ചത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിൽ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ഷാനവാസ് കോൺഗ്രസിൽ നിന്നും രാജി വെച്ചാണ് ഇടത് സ്ഥാനാർഥിയായി ജനവിധി തേടിയത്. മുസ്ലിം ലീഗിന്‍റെ കോട്ടയായ ചെങ്കള ഡിവിഷനിൽ ഷാനവാസ് നേടിയ അട്ടിമറി വിജയമാണ് ജില്ലാ പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം ഉറപ്പാക്കിയത്. ഇതോടെ അർഹിക്കുന്ന പരിഗണന നൽകിയാണ് ഷാനവാസിനെ ഇടതുമുന്നണി വൈസ് പ്രസിഡന്‍റ് സ്ഥാനം നൽകിയത്. വൈസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് ശേഷം ജനപ്രതിനിധികളെ ആനയിച്ച് നഗരത്തിൽ ഇടതുമുന്നണി ആഹ്ലാദ പ്രകടനവും പൊതു യോഗവും നടത്തി.