കാസര്‍കോട്: കാസര്‍കോട് ഗവ. കോളജിൽ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി കോളജ് പ്രിൻസിപ്പൾ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എന്‍ രമയുടെ ആരോപണം. കോളജിൽ വിദ്യാർഥികൾക്കിടയിൽ അരുതാത്ത പലതും നടക്കുന്നത് ചോദ്യം ചെയ്‌തതിനാണ് തനിക്കെതിരെ എസ്എഫ്ഐ സമരത്തിനിറങ്ങിയതെന്നും രമ ഇടിവി ഭാരതിനോട് പറഞ്ഞു. റാഗിങിനും, ലഹരി ഉപയോഗത്തിനും കാമ്പസിൽ നേതൃത്വം നൽകുന്നത് എസ്.എഫ്.ഐ പ്രവർത്തകരാണ്.
ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അരുതാത്ത പ്രവർത്തികൾ താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. നാട്ടുകാരും കടക്കാരും കണ്ടിട്ടുണ്ട്. വഴിയാത്രക്കാർ ഇത് കണ്ട് ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളെയാണ് താൻ എതിർത്തതെന്നും രമ പറയുന്നു.
"എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചു": എസ്എഫ്ഐ പ്രവർത്തകർ തന്‍റെ നെഞ്ചിൽ ഇടിച്ചു. ശാരീരികമായി ഉപദ്രവിച്ചുവെന്നും രമ പറഞ്ഞു. ഇതിനൊക്കെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും എന്‍.രമ പറഞ്ഞു. വിദ്യാർഥികൾക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്: അതേസമയം, കാസർകോട് ഗവ. കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ ഉപരോധിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെ 10 വിദ്യാർഥികൾ, കണ്ടാലറിയാവുന്ന മറ്റ് 50 പേർ എന്നിവർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിദ്യാർഥികളെ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ ഉപരോധിച്ചത്. ഇതിനുശേഷം ഇവർ നൽകിയ പരാതിയിലാണ് കാസർകോട് പൊലീസ് കേസെടുത്തത്.
തന്‍റെ ഭാഗം കേട്ടില്ലെന്ന് രമ: തന്നെ മാറ്റിയത് എന്തിനെന്ന് അറിയില്ല എന്ന് എന്‍ രമ പ്രതികരിച്ചു. നടപടിക്ക് മുൻപ് തന്‍റെ ഭാഗം കേൾക്കാൻ പോലും തയ്യാറായില്ല. കുടിവെള്ളം മലിനമായ പ്രശ്‌നം കോളജിൽ ഉണ്ടായിരുന്നില്ല. നേരത്തെ തീരുമാനിച്ച അജണ്ട പ്രകാരം നടപ്പിലാക്കിയതാണ് ഇത്.
കോളജിൽ നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നും രമ ആവർത്തിച്ചു. പ്രതിഷേധം ഉണ്ടായാലും തിങ്കളാഴ്‌ച കോളജിൽ പോകുമെന്നും അവർ പറഞ്ഞു.
എസ്‌എഫ്‌ഐയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി: അതേസമയം എസ്‌എഫ്‌ഐയ്‌ക്കെതിരെ കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പളിന്‍റെ ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപെട്ടു. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിൽ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എം.ശ്രീകാന്ത് പറഞ്ഞു. അധ്യാപികക്കെതിരെ നടപടിയെടുത്ത വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന് ബിജെപി പരാതി നൽകും.
ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എസ്‌എഫ്‌ഐ: അതിനിടെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എസ്എഫ്‌ഐ അറിയിച്ചു. പ്രിൻസിപ്പലിനെതിരെ പരാതി ഉയർന്നതിന്‍റെ പേരിലാണ് ഇപ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രിൻസിപ്പലിനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന വാദം തെറ്റാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാകുമെന്നും എസ്‌എഫ്ഐ നേതാക്കൾ പറഞ്ഞു