കാസർകോട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കാസർകോട് സ്വദേശിനിയുടെ പരാതിയിൽ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം (34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത് (Sexual Assault Case case shiyas kareem). ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്‌റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞു വെയ്ക്കുകയായിരുന്നു.
ചെന്നൈ കസ്‌റ്റംസ് വിഭാഗം ഇക്കാര്യം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തും. ഇതിനായി ചന്തേര പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്‌റ്റംസ് തടഞ്ഞത്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. വിവാഹ വാഗ്‌ദാനം നൽകി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചന്തേര പൊലീസ് കേസ് എടുത്തത്. ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേനായ ഷിയാസിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . വിവാഹബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വെച്ചും മൂന്നാറിലെ റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.
പിന്നീട് യുവാവ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനിടെ താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫെയ്‌സ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ‘‘കുറേ ആളുകൾ എന്‍റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്’’ – ഷിയാസ് കരീം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പരാമർശമുണ്ടായിരുന്നു.
യൂട്യൂബറിനെതിരെ പീഡന പരാതി: പ്രമുഖ യൂട്യൂബറും വ്ളോഗറുമായ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി (Vlogger Mallu Traveler Harassment Case). ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി ((Police Issued Lookout Circular Against Vlogger Mallu Traveler).
എത്രയും പെട്ടന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത് . സൗദി സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ മാസം 13-ാം തീയതി എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.