കാസർകോട്: 'കടൽ ക്ഷോഭിച്ചാൽ ഈ കല്ലുകളും തിരയെടുക്കും...പിന്നെ ഞങ്ങളുടെ വീടും...' കാലവര്‍ഷമെത്തുന്നതോടെ കാസർകോട് കുമ്പള പഞ്ചായത്തിലെ തീരദേശവാസികളുടെ ആശങ്കകളും വര്‍ധിക്കും. കഴിഞ്ഞ കാലവർഷം പ്രദേശത്തെ നിരവധി വീടുകളും തെങ്ങുകളുമാണ് കടലെടുത്തത്.
കാലവർഷം തുടങ്ങാനിരിക്കെ കടലേറ്റത്തെ ചെറുക്കാൻ ഈ വർഷവും ശാസ്ത്രീയമായ പദ്ധതികളൊന്നുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കടൽഭിത്തി പണിയുന്നതിനായി അധികൃതർ കരിങ്കല്ലുകൾ തീരത്ത് ഇറക്കിയിട്ടുണ്ട്. കടലേറ്റത്തെ ചെറുക്കാനെന്ന മട്ടിൽ തീരത്ത് ഇറക്കിയ ഈ കരിങ്കല്ലുകൾ തിരകളെടുക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വർഷങ്ങൾക്ക് മുൻപ് കരിങ്കല്ലുകള്‍ കൊണ്ട് കടല്‍ഭിത്തി കെട്ടിയിരുന്നു. എന്നാല്‍ അതിന് തിരമാലകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷമുണ്ടായ രൂക്ഷമായ കടൽ ക്ഷോഭത്തിന് ശേഷം അടിയന്തര പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പ് കടലാസിൽ ഒതുങ്ങി.
കാലവർഷമെത്തിയാൽ എല്ലാം വാരിയെടുത്ത് അഭയകേന്ദ്രങ്ങളിലേക്ക് പോകുക മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം. കടൽ ക്ഷോഭം തടയാൻ ശാസ്ത്രീയമായ പദ്ധതികൾ പ്രദേശത്ത് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Also read: സംസ്ഥാനത്ത് ശക്തമായ മഴ തുടരും