കാസർകോട്: കാലവർഷം കലിതുള്ളിയെത്തുമ്പോൾ ഇവരുടെ ഇടനെഞ്ചിലാണ് കടലിരമ്പം. എപ്പോഴാണ് കടല്‍ ആർത്തലച്ചെത്തുന്നതെന്ന് പറയാനാകില്ല. ഏത് നിമിഷവും വീടുകൾ കവർന്നെടുത്തേക്കാം.
" ഓരോ നിമിഷവും ഭീതിയാണ്. കടൽ ക്ഷോഭം രൂക്ഷമാകുമ്പോൾ മാത്രം ഉദ്യോഗസ്ഥർ വന്നു നോക്കിയിട്ട് പോകും... ഏതു നിമിഷവും ഞങ്ങളെയും ഞങ്ങളുടെ വീടുകളും കടലെടുക്കും".. ഇത് കാസർകോട് ജില്ലയിലെ ചിത്താരി കടപ്പുറത്തുകാരുടെ വേദനയാണ്.
ഇവിടെ ഏതുനിമിഷവും കടൽ എടുക്കാൻ പാകത്തിൽ നൂറോളം വീടുകളാണുള്ളത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം. ഒരു ഭാഗത്ത് അറബി കടലും മറുഭാഗത്ത് ചിത്താരി പുഴയും തെക്കു ഭാഗത്തായി അഴിമുഖവും അതിരിടുന്ന പ്രദേശമാണ് ചിത്താരി. ഓരോ വർഷവും ശക്തമായ കടലേറ്റത്തിൽ നല്ലൊരു ഭാഗം കര കടൽ എടുത്തു പോകുകയാണ് പതിവ്. 100 മീറ്ററിലധികം കര ഇതിനകം കടലെടുത്തതായി നാട്ടുകാർ പറയുന്നു. കടൽഭിത്തി വേണമെന്ന കാലങ്ങളായുള്ള ഇവരുടെ ആവശ്യവും അധികൃതർ കേട്ടിട്ടില്ല.
ഒട്ടേറെ വീടുകളും തെങ്ങുകളും ഇതിനകം കടലെടുത്ത് പോയി. ശക്തമായ തിര അടിച്ചാൽ നിലം പൊത്തുന്ന സ്ഥിതിയിലാണ് ഇതിൽ മിക്ക വീടുകളും. കഴിഞ്ഞ വർഷം തിരമാലകൾ വീടിനകത്ത് വരെ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കടലേറ്റമാണ് ഈ ഭാഗത്ത് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഈ വർഷം കാലവർഷം ശക്തി പ്രാപിക്കുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.