കാസർകോട്: മധൂരിൽ സർക്കാർ സ്‌കൂളിൻ്റെ സ്ഥലം കൈയ്യേറി അനധികൃത കെട്ടിടം നിർമിക്കുന്നുവെന്ന് പരാതി. സംഭവത്തിൽ മധൂർ പഞ്ചായത്ത് നടപടി തുടങ്ങി. ഷിറിബാഗിലു സ്‌കൂൾ കോംപൗണ്ട് പരിധിയിലാണ് അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും നടന്ന് വരുന്നതായി പഞ്ചായത്ത് കണ്ടെത്തിയത്.
കേരള ലാൻഡ് കൺസർവ്വൻസി ആക്‌ട് പ്രകാരം നടത്തിയ പരിശോധനയിലാണ് സർക്കാർ വിദ്യാലയ സ്ഥലത്തെ കൈയ്യേറ്റം കണ്ടെത്തിയത്. മധൂർ ഗ്രാമപഞ്ചായത്തിലെ ഷിറിബാഗിലു ഗവണ്‍മെന്‍റ് വെൽഫയർ എൽ.പി സ്‌കൂൾ കോംപൗണ്ടിനുള്ളിൽ റീസർവ്വെ 161 /15 ൽ ഉൾപ്പെടുന്ന സ്ഥലമാണ് സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വച്ച് വീട് നിർമ്മാണം നടത്തി വരുന്നതായി പരാതി ഉയരുന്നത്.
സ്‌കൂൾ കോംപൗണ്ട് പരിധിയിൽ വർഷങ്ങളായി അനധികൃത നിർമാണവും താമസവും നടന്ന് വരികയാണെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. പരിശോധനകളുടെ അടിസ്ഥാനത്തിൽ അനധികൃത വീട് നിർമാണം, സ്ഥലം കൈയ്യേറൽ എന്നിവയ്‌ക്കെതിരെ തുടർ നടപടികൾക്കായി വാർഡ് ക്ലാർക്ക് മധൂർ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
2005 മുതൽ സ്ഥലത്ത് കൈയ്യേറ്റം നടന്നു വരുന്നുണ്ട്. നിലവിൽ പതിനൊന്നോളം അനധികൃത നിർമാണങ്ങൾ ഷിറിബാഗിലു ഗവൺമെൻ്റ് വെൽഫെയർ സ്‌കൂൾ വളപ്പിൽ നടന്നിട്ടുണ്ട്. കുടുംബശ്രീ പ്രവർത്തകർ സ്ഥലത്ത് പച്ചക്കറി നടാൻ ചെന്നപ്പോൾ കൈയ്യേറ്റക്കാർ ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
അതിനിടെ അനധികൃത നിർമാണങ്ങൾ നടത്തുന്നതിനെതിരെ ഔദ്യോഗിക നടപടികൾ സ്വീകരിക്കുന്ന പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടിനെ യു.ഡി.എഫ് അംഗം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇതിനെതിരെ മധൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പീതാംബരൻ കാസർകോട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.