കാസർകോട്: സംസ്ഥാനത്തെ സ്കൂൾ ബസുകളുടെ സുരക്ഷ ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു. വേനലവധിക്കു ശേഷം പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായാണ് നടപടി. സ്കൂൾ ബസുകളിൽ ഈ വർഷം മുതൽ ലൊക്കേഷൻ ട്രാക്കർ നിർബന്ധമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ ആറിന് തുറക്കുന്ന സാഹചര്യത്തിലാണ് സ്കൂൾ ബസുകളുടെ സുരക്ഷാസംവിധാനം ഉറപ്പുവരുത്താനുള്ള പരിശോധനകൾ കർശനമാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പരിശോധനകൾക്ക് ശേഷം കുട്ടികളെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണോ കൊണ്ടുപോകുന്നതെന്ന് തിരിച്ചറിയാൻ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നുണ്ട്. ഇത്തരം പരിശോധനകളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്‍റെ തീരുമാനം. ഈ വർഷം മുതൽ ബസുകളിൽ ലൊക്കേഷൻ ട്രാക്കർ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ വാഹനങ്ങളുടെയും പരിശോധനയ്ക്കു ശേഷം ഡ്രൈവർമാർക്ക് സുരക്ഷിതമായ ഡ്രൈവിംഗ് രീതികളെക്കുറിച്ചുള്ള പരിശീലന പരിപാടികളും മോട്ടോർ വാഹന വകുപ്പ് നടത്തുന്നുണ്ട്.