കാസര്‍കോട്: ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിഷന്‍ ചെയര്‍മാന്‍.
അതിക്രമം, ജാതീയ വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇത് കുറഞ്ഞുവരികയാണെന്നും ജില്ലയിലെ സാമുദായിക സൗഹാര്‍ദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു .അദാലത്തില്‍ 111 പരാതികള്‍ പരിഗണിച്ചു. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതികളില്‍ ഈ മാസം ഇരുപത്തിയേഴിന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍ഡിഒ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നുവെന്നുള്ള പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് ഉദ്യോഗസ്ഥരെ അയക്കുമെന്ന് കമ്മിഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാൻ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.