കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ അണുവിമുക്തമാക്കാന്‍ റോബോട്ടും. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് മാരക രോഗാണുക്കളെ അടക്കം നിര്‍മാര്‍ജനം ചെയ്യുന്ന റോബാട്ടിനെ ആശുപത്രിയില്‍ എത്തിച്ചു. ഫംഗസുകളേയും വൈറസുകളേയും റോബോട്ടിന് പൂര്‍ണമായും നിമാര്‍ജനം ചെയ്യാനാകും. മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനോറ റോബോട്ടിക്‌സാണ് നിര്‍മാതാക്കള്‍. ഇംഗ്ലണ്ടിലെ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും റോബോട്ടിക്‌സ് എഞ്ചിനീയറിംഗില്‍ ഉന്നത വിദ്യാഭ്യാസം നേടിയ കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണന്‍ നമ്പ്യാരാണ് റോബോട്ടിനെ രൂപകല്‍പന ചെയ്തത്.
കൊറോണ ഉള്‍പെടെ പലവിധ അസുഖങ്ങളും ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രി പരമ്പരാഗത രീതിയില്‍ അണുവിമുക്തമാക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപകടകരമാണ്. ഈ സാഹചര്യത്തിലാണ് റോബോട്ടിന്‍റെ സേവനം ഉപയോഗപ്പെടുത്തുന്നത്. റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന റോബോട്ടിന് അഞ്ചു മിനുട്ടില്‍ 140 ചതുരശ്ര അടി സ്ഥലവും സഞ്ചാരപാതയും അണുവിമുക്തമാക്കാന്‍ സാധിക്കും.
തന്‍റെ നാട്ടിൽ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലേക്ക് റോബോട്ടിനെ കൃഷ്ണൻ നമ്പ്യാർ സൗജന്യമായി നല്‍കുകയായിരുന്നു. അള്‍ട്രാവയലറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന സാങ്കേതിക വിദ്യയാണ് ശാസ്ത്ര ലോകം ഇന്ന് സ്വീകരിക്കുന്നതെങ്കിലും ആശുപത്രി വാര്‍ഡുകളും, മറ്റും അണുവിമുക്തമാക്കാന്‍ പറ്റുന്ന റോബോട്ടിക്ക് സംവിധാനം ആദ്യമാണ്. കൂടാതെ കൊറോണ ബാധിതരെ ചികിത്സിക്കുന്ന വാര്‍ഡുകളിലേക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയവ എത്തിച്ച് നല്‍കുന്നതിനും റോബോട്ടുകളെ ഉപയോഗപ്പെടുത്താവുന്നതാണ്.