കാസർകോട് : കാസര്‍കോട്-കാഞ്ഞങ്ങാട് പാതയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് മൂന്നു യുവാക്കൾ. സംസ്ഥാന പാതയില്‍ മിക്കവാറും ദിവസങ്ങളിലും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. അപകടത്തിൽപെട്ട വാഹനങ്ങളാൽ പൊലീസ് സ്റ്റേഷനുകളും നിറഞ്ഞു.
ഐഎസ്എല്‍ ഫൈനല്‍ മല്‍സരം കാണാന്‍ ഗോവയിലേക്ക് ബൈക്കില്‍ പോയ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചതും, സുഹൃത്തുകൾക്കൊപ്പം ബസ് ഷെൽട്ടറിൽ ഇരുന്നു സംസാരിക്കുന്നതിനിടയിൽ കാർ ഇടിച്ചു യുവാവ് മരിച്ചതും, ഈദുല്‍ ഫിത്വറിന്‍റെ തലേന്ന് ഉപ്പയും മകനും അപകടത്തിൽപെട്ടതും ഇതേ പാതയിൽ തന്നെ. രാത്രി സമയത്താണ് ഭൂരിഭാഗം അപകടങ്ങളും നടന്നത്. റോഡിലെ വെളിച്ചക്കുറവും ഡിവൈഡര്‍ ഇല്ലാത്തതുമാണ് അപകടം വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതരെ ധരിപ്പിച്ചെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല.
ഈ പാതയില്‍ ഒരു വർഷത്തിനിടെ നൂറിലേറെ അപകടങ്ങളില്‍ മരിച്ചത് 20 ലേറെ പേരാണ്. ഉദുമ, കളനാട്, മേല്‍പ്പറമ്പ്, പാലക്കുന്ന്, പള്ളിക്കര, മാണിക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അപകടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്‌ടിപി നിര്‍മ്മിച്ച റോഡാണിത്.
മംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന ചരക്ക് ലോറികളും, വാഹനങ്ങളുടെഅമിത വേഗതയും അപകടത്തിനു കാരണമാകുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. സ്‌പീഡ് ബ്രേക്കറുകള്‍ ഇല്ലാത്തതാണ് വാഹനങ്ങളുടെ അമിത വേഗതയ്ക്ക് കാരണം. റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം മാസങ്ങള്‍ക്ക് മുന്‍പേ നിരോധിച്ചിട്ടുണ്ട്.
പലയിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽ പലതും പ്രവര്‍ത്തനരഹിതമാണ്. മഴക്കാലമെത്തുന്നതോടെ അപകടങ്ങൾ കൂടാനുള്ള സാഹചര്യത്തിൽ അധികൃതർ എത്രയും പെട്ടെന്നു ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Also read: കാസർകോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടം; മരണം മൂന്നായി