കാസർകോട് : അഞ്‌ജുശ്രീയുടെ മരണത്തെ തുടർന്ന് അൽ റൊമൻസിയ ഹോട്ടലിനെതിരെ നടന്ന അതിക്രമത്തിൽ നിയമ നടപടിക്കൊരുങ്ങി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ്‌സ് അസോസിയേഷൻ. സത്യാവസ്ഥ അറിയാതെ വലിയ അതിക്രമമാണ് നടന്നതെന്നും ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കിയത് നിയമ വിരുദ്ധമായ നടപടിയാണെന്നും ഭാരവാഹികൾ അറിയിച്ചു.
അഞ്‌ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് അല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തിൽ നിലവിലെ നടപടികൾ അവസാനിപ്പിച്ച് ഹോട്ടൽ തുറന്നുപ്രവർത്തിപ്പിക്കാൻ അനുവാദം നൽകണമെന്നാണ് അസോസിയേഷന്‍റെ പ്രധാന ആവശ്യം. ശാസ്‌ത്രീയ പരിശോധന പൂർത്തിയാകുന്നതിന് മുൻപ് തന്നെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിനെതിരെ തെറ്റായ പ്രചാരണം നടന്നത്. സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് സ്വീകരിച്ച തിടുക്കത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
അൽഫാം, കുഴിമന്തി, ഷവർമ എന്നിവയുടെ പേരിൽ ഹോട്ടലുകൾ വിഷം വിളമ്പുന്നുവെന്നുള്ള വ്യാജ പ്രചരണത്തെ എന്ത് വിലകൊടുത്തും അതിജീവിക്കും. യുവതിയുടെ മരണത്തിൽ മൊത്തം ഹോട്ടലുകളെ അടച്ച് ആക്ഷേപിക്കുന്ന രീതിയിലുള്ള പ്രചരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായതെന്നും അസോസിയേഷൻ സെക്രട്ടറി നാരായണ പൂജാരി പറഞ്ഞു.