കാസർകോട്: സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ രണ്ടായിരത്തിലധികം ചെങ്കൽ ക്വാറികൾ അടച്ചിട്ടാണ് ക്വാറി ഉടമകൾ സമരം ചെയ്യുന്നത്. പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയെന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം.
ലൈസന്‍സിന്‍റെ പേരില്‍ ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും ക്വാറി ഉടമകള്‍ ആവശ്യപ്പെടുന്നു. ചെങ്കല്‍ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലോറികള്‍ മാസങ്ങളോളം പിടിച്ചിടുന്നതായും ഇവർ പറയുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സമരക്കാരുടെ നിലപാട്.
അതേസമയം, പണിമുടക്ക് ആരംഭിച്ചതോടെ വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നവർ ആശങ്കയിലാണ്. സമരം തുടങ്ങി മൂന്ന് ദിവസം ആയപ്പോഴേക്കും കല്ലിന് ക്ഷാമം നേരിട്ടു തുടങ്ങി. സ്‌റ്റോക്ക് ചെയ്‌ത കല്ലുകൾ മിക്കസ്ഥലത്തും തീർന്നു. കല്ല്‌കൊത്ത്, തട്ടൽ, ലോഡിങ് മേഖലയിലെ തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്‌ടമായിരിക്കുകയാണ്.
കല്ല് കിട്ടാതാവുന്നതോടെ സിമന്‍റ്, മണൽ, കമ്പി തുടങ്ങിയ കച്ചവടക്കാരും പ്രതിസന്ധിയിലാകും. നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നെങ്കിലും സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. മന്ത്രിമാരെയടക്കം പ്രശ്‌നങ്ങൾ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപിയും ഉണ്ടായില്ലെന്നാണ് ക്വാറി ഉടമകൾ പറയുന്നത്.