കാസർകോട്: വോട്ടിരട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വോട്ടര്‍ പട്ടിക പൂര്‍ണമായി പുനഃപരിശോധിക്കുന്നു. രണ്ട് ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ല കലക്‌ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വോട്ട് ഇരട്ടിപ്പ് ആരോപണത്തിന് പിന്നാലെ ഉദുമ മണ്ഡലത്തിലെ പെരിയയിലെ കുമാരിയുടെ പേരില്‍ അഞ്ച് വോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക വിശദ പരിശോധനക്ക് വിധേയമാക്കുന്നത്.
പട്ടികയിലുള്ളവരില്‍ സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍ എന്നിവരുടെ കൃത്യമായ വിവരം തയാറാക്കി നല്‍കാനാണ് ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് തെരഞ്ഞെടുപ്പിന് തലേന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കുന്ന വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുള്ള വോട്ടര്‍മാരെ പ്രത്യേകം രേഖപ്പെടുത്തി നല്‍കുന്നതിനുള്ള നടപടികളാണ് ജില്ല ഭരണകൂടം നടത്തുന്നത്. സാധാരണ രീതിയാണിതെന്നാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധികൃതരുടെ നിലപാട്.
അതേസമയം പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 164ആം നമ്പര്‍ ബൂത്തിലെ വോട്ടറായ കുമാരി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് മാത്രമാണ് ചെയ്‌തതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഒരു തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് അവരുടെ കയ്യിലുള്ളത്. ബാക്കിയുള്ളവ ബിഎല്‍ഒക്ക് തിരിച്ചേല്‍പ്പിച്ച് നശിപ്പിച്ചതായാണ് അധികൃതർ അറിയിച്ചത്.