കാസർകോട്: ജില്ലാ പ്രസിഡന്‍റ് നിയമനത്തെ ചൊല്ലി പാർട്ടി വിട്ട ബിജെപി നേതാവ് രവീശ തന്ത്രി കുണ്ടാറിനെ പാർട്ടി സംസ്ഥാന സമിതി അംഗമായി വീണ്ടും തെരഞ്ഞെടുത്തു. രാജിവച്ച രവീശ തന്ത്രിയെ തിരിച്ചെടുക്കാനുള്ള നിർദേശം സംസ്ഥാന അധ്യക്ഷനാണ് മുന്നോട്ട് വച്ചത്. കഴിഞ്ഞ ഫെബ്രുവരി 23നാണ് കാസർകോട് ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് രവീശ തന്ത്രി കുണ്ടാർ സംസ്ഥാന സമിതിയിൽ നിന്നും രാജിവച്ചത്. താൻ സ്ഥാനാർഥിയായ തെരഞ്ഞെടുപ്പുകളിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടന്നെന്ന പരാതിയിൽ അന്വേഷണം നടത്താമെന്ന് നേതൃത്വം ഉറപ്പു നൽകിയതായും തീരുമാനം അംഗീകരിക്കുന്നതായും രവീശതന്ത്രി പറഞ്ഞു.
കാസർകോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ജില്ലാ നേതൃത്വത്തിന്‍റെ നിസ്സഹകരണം പ്രകടമായിരുന്നെന്നും, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ചർച്ചയ്ക്ക് പോലും തയാറാകുന്നില്ലെന്നും ആരോപിച്ചാണ് നേരത്തെ രവീശ തന്ത്രി രാജിവെച്ചത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ആർഎസ്എസ് സമ്മർദം ശക്തമായതോടെയാണ് നേതൃത്വം ചർച്ചക്ക് തയാറായതും സംസ്ഥാന സമിതിയിൽ തിരിച്ചെടുക്കാൻ തീരുമാനമായതും. തെരഞ്ഞെടുപ്പുകളിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ തിരുത്തലിന് തയാറാവണമെന്നും അച്ചടക്ക നടപടിയല്ല, ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള സാഹചര്യമാണ് കാസർകോടെ ബിജെപി പ്രവർത്തകർക്ക് വേണ്ടതെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.