കാസര്‍കോട്: പച്ചക്കറി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും റാപ്പിഡ് ആന്‍റിജന്‍ പരിശോധന ആരംഭിച്ചു. ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും മറ്റ് മേഖലകളിലെയും മാര്‍ക്കറ്റിലാണ് പരിശോധന. ആദ്യ ദിവസങ്ങളില്‍ നടത്തിയ 163 പേരുടെ സ്രവപരിശോധനയില്‍ ആറ് കൊവിഡ് പോസിറ്റീവ് രോഗികളെ കണ്ടെത്തി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ് റാപ്പിഡ് പരിശോധനയുടെ പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
ജില്ലയില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനൊപ്പം സമ്പര്‍ക്ക കേസുകളും വര്‍ധിച്ചു വരുന്നതിനാല്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി റാപ്പിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് പുറമേ ഓഗ് മെന്‍റല്‍ സര്‍വ്വലെന്‍സിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് മൊബൈല്‍ ടീമുകളെ സജ്ജകരിച്ചു. ആഴ്ച തോറും 1000 ത്തിലധികം സ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു. മൊബൈല്‍ ടീമുകള്‍ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ വഴിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.