കാസര്‍കോട്: സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. ഉദുമയില്‍ അഞ്ച് കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ച പെരിയയിലെ കുമാരിയുടേത് പരമ്പരാഗത കോണ്‍ഗ്രസ് കുടുംബം.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് വോട്ട് ചേര്‍ത്തതെന്നും അഞ്ച് വോട്ടുകള്‍ ഉള്ളത് അറിയില്ലെന്നുമാണ് കുമാരിയും കുടുംബവും പറയുന്നത്. ഉദുമ മണ്ഡലത്തിലെ 164-ാം നമ്പര്‍ ബൂത്തിലെ 391,392, 581,582, 584 ക്രമനമ്പറുകളിലാണ് ചെങ്ങറ കോളനിയിലെ രവീന്ദ്രന്‍റെ ഭാര്യ കുമാരിയുടെ ഫോട്ടോയും മേല്‍വിലാസത്തിലും വോട്ടുള്ളത്. അഞ്ച് വോട്ടുകള്‍ക്കും വ്യത്യസ്‌ത തിരിച്ചറിയല്‍ നമ്പറുകള്‍ ആണുള്ളത്.
വോട്ട് ഇരട്ടിപ്പും കള്ളവോട്ടുകളുമാണെന്നുമുള്ള പ്രതിപക്ഷനേതാവിന്‍റെ വാദം ശരിയാണെങ്കിലും ഇതിന് പിന്നില്‍ ഇടതുമുന്നണിയാണെന്ന വാദം കുമാരിയുടെ കാര്യത്തില്‍ പൊളിയുകയാണ്. തങ്ങള്‍ പരമ്പരാഗത കോണ്‍ഗ്രസ് കുടുംബമാണെന്നും കോണ്‍ഗ്രസിനല്ലാതെ ഇതുവരെ വോട്ട് ചെയ്‌തിട്ടില്ലെന്നും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചെങ്ങറ സെറ്റില്‍മെന്‍റില്‍ താമസിക്കുന്ന രവീന്ദ്രനും ഭാര്യ കുമാരിയും പറയുന്നു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ രവീന്ദ്രനും കുമാരിയും 13 വര്‍ഷം മുന്‍പാണ് കാസര്‍കോട് പെരിയ നാലക്രയിലെ ചെങ്ങറ സെറ്റില്‍മെന്‍റ് കോളനിയിലെത്തുന്നത്. കാസര്‍കോട്ടെത്തിയ ശേഷം ഇവരുടെ വോട്ട് ചേര്‍ത്ത് നല്‍കിയതെല്ലാം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ്. ഒരു വോട്ട് മാത്രമേ തെരഞ്ഞെടുപ്പുകളില്‍ ചെയ്‌തിട്ടുള്ളു. വോട്ടര്‍ പട്ടികയില്‍ എങ്ങനെ അഞ്ച് പേരുകള്‍ വന്നുവെന്നും ഇവര്‍ക്കറിയില്ല.
ആര്‍.ഡി.ക്യു 1489962, ആര്‍.ഡി.ക്യു 1464478, ആര്‍.ഡി.ക്യു 1489970, ആര്‍.ഡി.ക്യു1464163, ആര്‍.ഡി.ക്യു1464569 എന്നീ വോട്ടര്‍ ഐഡി നമ്പറുകളില്‍ ആണ് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ കുമാരിയുടെ കൈവശമുള്ളത് ആര്‍.ഡി.ക്യു 1464478 എന്ന നമ്പറിലെ തിരിച്ചറിയല്‍ രേഖ മാത്രമാണ്. തങ്ങളാണ് വോട്ട് ചേര്‍ത്തതെന്നും ഇരട്ടിപ്പ് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ പ്രാദേശികമായി അന്വേഷണം നടത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇതുവരെയും കള്ളവോട്ട് ചെയ്യാത്ത തങ്ങളുടെ പേരുകള്‍ ഇങ്ങനെ വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട് രവീന്ദ്രനും കുമാരിക്കും. കോണ്‍ഗ്രസില്‍ വിശ്വസിക്കുമ്പോള്‍ നേതാക്കള്‍ തന്നെ ഇങ്ങനെ പറയുന്നതിലാണ് ഇവര്‍ പ്രയാസപ്പെടുന്നത്.