കാസർകോട്: ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ (Minister KN Balagopal) പ്രസ്‌താവന അസംബന്ധമാണെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ (Rajmohan Unnithan MP). മന്ത്രി പറഞ്ഞത് ശുദ്ധ വിവരക്കേടാണെന്നും എവിടെ നിന്നാണ് മന്ത്രിക്ക് ഇത്തരം വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് കിട്ടേണ്ട കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ യുഡിഎഫ് (UDF) എംപിമാർ ഒന്നും ചെയ്യുന്നില്ലെന്ന ധനമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ച് കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ നടക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി തിരക്കിട്ട് പാര്‍ലമെന്‍റ് അംഗങ്ങളുടെ യോഗം വിളിക്കാറുണ്ട്. ഇരുപതോളം അജണ്ടകള്‍ വച്ചാണ് അത്തരം ചര്‍ച്ച നടക്കാറുള്ളത്. കൊവിഡ് (Covid 19) സമയത്താണ് ഓണ്‍ലൈന്‍ (Online) സംവിധാനങ്ങള്‍ കൂടുതലായി ചര്‍ച്ചകള്‍ക്കായി ഉപയോഗിച്ചത്. അത്തരം സാഹചര്യങ്ങള്‍ മാറിയല്ലോ, അതുകൊണ്ട് പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മുഴുവന്‍ അംഗങ്ങളെയും നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുഖാമുഖം കണ്ട് സംസാരിക്കാന്‍ അവസരമൊരുക്കണമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ നാല് യോഗങ്ങള്‍ കഴിഞ്ഞു.
ഓണ്‍ലൈന്‍ യോഗങ്ങളില്‍ (online meeting) പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രി (Chief Minister) എംപിമാരോടും ക്ഷുഭിതരാകാറുണ്ട്. അതുകൊണ്ട് പല എംപിമാരും യോഗത്തില്‍ പങ്കെടുക്കാറില്ല. പങ്കെടുക്കാത്തതിന്‍റെ പ്രധാന കാരണം, മുഖ്യമന്ത്രിയോട് ഓണ്‍ലൈന്‍ മീറ്റിങ് അവസാനിപ്പിച്ച് മുഖ്യമന്ത്രിക്കും എംപിമാര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയാന്‍ അവസരം ഒരുക്കണമെന്ന് പറഞ്ഞിട്ടും അദ്ദേഹം തയ്യാറാകാത്തതിനാലാണ് എന്നും എംപി വ്യക്തമാക്കി.
എന്നാല്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തയാളെന്ന നിലയില്‍ ജിഎസ്‌ടി അടക്കമുള്ള വിഷയത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ പരിപൂര്‍ണമായി തയ്യാറാണെന്ന് അറിയിച്ചിരുന്നു എന്നും ഇതിനായി കേന്ദ്രത്തില്‍ പോയി ബന്ധപ്പെട്ട മന്ത്രിമാരെ കാണാന്‍ തയ്യാറാണെന്ന് കൂട്ടായി തങ്ങള്‍ പറഞ്ഞതാണെന്നും എംപി (MP) പറഞ്ഞു.
നേരത്തെ കൂട്ടായിട്ട് ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് എളമരം കരീം പറഞ്ഞതല്ലാതെ മറ്റൊന്നും തങ്ങളോട് പറഞ്ഞില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത് (Finance Minister KN Balagopal said): കേരളത്തിന് കിട്ടേണ്ട കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്യുന്നില്ലെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്. കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. സംസ്ഥാനത്തെ കടമെടുക്കാൻ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്നും ധനമന്ത്രി (Finance Minster) ആരോപിച്ചു.
എംപിമാർ കേരളത്തിലെ ജനങ്ങളോട് വഞ്ചനാപരമായി പെരുമാറുകയാണ്. ഇത് യുഡിഎഫിന്‍റെ നയമാണോ എന്ന് നേതൃത്വം മറുപടി പറയണമെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതവും വരുമാനവും കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ച് കൊണ്ടിരിക്കുന്നു. ഇത് കേന്ദ്രത്തിൽ നിന്ന് വാങ്ങിയെടുക്കാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് (UDF) എംപിമാർ ഒപ്പം നിൽക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച് കൂട്ടിയ എംപിമാരുടെ യോഗത്തിലാണ് കേരളത്തിന് ലഭ്യമാകേണ്ട നികുതി വരുമാന വിഹിതം വാങ്ങാൻ കൂടെ നിൽക്കാമെന്ന് എംപിമാർ ഉറപ്പു നൽകിയതെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരു സമയം നിശ്ചയിച്ച് ഡൽഹിയിലെത്തി ധനമന്ത്രിയെ കാണാൻ തീരുമാനിച്ചെങ്കിലും അതുസംബന്ധിച്ച മെമ്മൊറാണ്ടത്തിൽ ഒറ്റ യുഡിഎഫ് എംപിമാർ പോലും ഒപ്പിടാനോ കൂടെ നിൽക്കാനോ തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിലെ എംപിമാർ ബിജെപിയുടെ താത്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.