കാസര്‍കോട്: കാസര്‍കോടിനോടുള്ള റെയില്‍വേ അവഗണനക്കെതിരെ മണല്‍ ശില്‍പം തീര്‍ത്ത് പ്രതിഷേധം. സംസ്ഥാനത്ത് ഏഴ് പുതിയ മെമു തീവണ്ടികള്‍ അനുവദിച്ചപ്പോഴും കാസര്‍കോടിനെ അവഗണിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മെമു സര്‍വിസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്‌മയാണ് മെമു തീവണ്ടിയുടെ മണല്‍ ശില്‍പം തീര്‍ത്ത് പ്രതിഷേധിച്ചത്.
പകല്‍ സമയങ്ങളില്‍ തീവണ്ടി സർവിസ് അനുവദിച്ചാല്‍ കാസര്‍കോട്ടുകാരുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരമായി കേരളത്തില്‍ മെമു തീവണ്ടികള്‍ ഓടിത്തുടങ്ങിയെങ്കിലും കാസര്‍കോട്ടുകാര്‍ക്ക് മെമു തീവണ്ടി സർവിസ് കിട്ടാൻ ഇനിയും കാത്തിരിക്കണം. നേരത്തെ ഓടിയിരുന്ന രണ്ട് പാസഞ്ചര്‍ ട്രെയിനുകൾ റദ്ദാക്കിയിട്ടും മെമു സര്‍വിസ് അനുവദിക്കാത്തതില്‍ ജില്ലയിൽ പ്രതിഷേധം ശക്തമാണ്. രാവിലെ കണ്ണൂരിലെത്തുന്ന മെമു ട്രയിന്‍ മംഗളൂരുവിലേക്ക് നീട്ടി വൈകിട്ട് തിരിച്ചു വരുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ കാസര്‍കോട്ടുകാരുടെ യാത്രാ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇവർ പറയുന്നു.
പരിമിതമായ തീവണ്ടി യാത്രാ സൗകര്യങ്ങള്‍ മാത്രമാണ് കാസര്‍കോട്ടുകാര്‍ക്കുള്ളത്. വിദ്യാഭ്യാസ ആരോഗ്യ ആവശ്യങ്ങള്‍ക്കടക്കം മംഗളൂരുവിനെ ആശ്രയിക്കുന്നവരാണ് കാസര്‍കോട്ടുകാര്‍. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ വേണമെന്നിരിക്കെയാണ് പകല്‍ സമയം തീവണ്ടി സര്‍വിസ് വേണമെന്ന ആവശ്യം ഉയരുന്നത്. അഴിത്തല കടപ്പുറത്ത് പ്രശസ്‌ത ശില്പി അനില്‍ ലോട്ടസിന്റെ നേതൃത്വത്തില്‍ അനൂപ് ലോട്ടസ്, അജിത്ത്, അനൂപ് പുളിക്കാല്‍ എന്നിവര്‍ ചേര്‍ന്നാണ് മണൽ ശിൽപം ഒരുക്കിയത്.