കാസര്‍കോഡ്: നിരീക്ഷണ കാലയളവ് കഴിഞ്ഞും കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത് കാസർകോട് ജില്ലയില്‍ ആശങ്കയേറ്റുന്നു. ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന 14 ദിവസം ഹോം ക്വാറന്‍റൈന്‍ മതിയാകില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. മംഗൽപാടിയിലെ എട്ട് വയസുകാരൻ മാതാപിതാക്കൾക്കൊപ്പം മഹാരാഷ്ട്രയിൽ നിന്നും നാട്ടിലെത്തി 29 ദിവസത്തിന് ശേഷം, കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ പിതാവിന് നേരത്തെ രോഗബാധ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 23 ന് ടാക്‌സിയിലാണ് ഇവർ നാട്ടിലെത്തിയത്.
ഇതേ നാട്ടുകാരായ അച്ഛനും മകൾക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 16 ദിവസം കഴിഞ്ഞാണ്. പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നിരീക്ഷണ കാലയളവ് കഴിഞ്ഞവരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിക്കുകയാണ് ആരോഗ്യ പ്രവർത്തകർ. അതേസമയം കാസർകോട്ടെ കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ആകെ 401 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 233 പേർക്കും മൂന്നാം ഘട്ടത്തിലാണ് രോഗബാധയുണ്ടായത്. ഒന്നാം ഘട്ടത്തിൽ ഒരാൾക്കും രണ്ടാം ഘട്ടത്തിൽ 177 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.