കാസർകോട് : കാടിറങ്ങുന്ന പുലികൾ നാട്ടില്‍ ഭീതി വിതയ്ക്കുമ്പോൾ കാസർകോട്ടെ ഈ 'പുലി' നാടിന് അഭിമാനമാണ്. ഇത്, പുലിയായി കെട്ടിയാടിയും വേഷം ഒരുക്കിയും രാജ്യ ശ്രദ്ധ നേടിയ കുതിരക്കോട്ടെ പി നാരായണൻ എന്ന 'പുലി നാരായണൻ'. 35 വർഷമായി കരിമ്പുലി, ചീറ്റപ്പുലി, കരകാട്ടം, യക്ഷഗാനം, കോഴിക്കളി തുടങ്ങിയ കലാരൂപങ്ങളിലൂടെ രാജ്യമൊട്ടാകെ ഈ അറുപത്തി ഏഴുകാരൻ മാസ്‌മരിക പ്രകടനം കാഴ്‌ചവയ്ക്കുകയാണ്.
വേഷം കെട്ടിയാടൽ മാത്രമല്ല, ആദിവാസി നൃത്തം, ദേവ നൃത്തം, പൂക്കാവടി അടക്കം നൂറിലധികം കലാരൂപങ്ങൾക്ക് ആടയാഭരണങ്ങൾ ഉണ്ടാക്കാനും മിടുക്കനാണ് നാരായണൻ. തൃശൂർ പുലിക്കളിയിലും കാസർകോടന്‍ പുലിക്കളിയിലും നിറസാന്നിധ്യമാണ് ഈ കലാകാരൻ. എന്നാൽ തൃശൂരിലെ പുലികളേക്കാൾ മെയ് വഴക്കം കൂടുതൽ കാസര്‍കോട്ടെ പുലികൾക്കാണെന്നാണ് നാരായണന്‍റെ വാദം.
2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പുലിക്കളി അവതരിപ്പിച്ചതോടെയാണ് നാരായണൻ ശ്രദ്ധ നേടിയത്. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തോളം സ്ഥിരമായി പുലിക്കളി, കോമൺവെൽത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഓണം വാരാഘോഷം എന്നിവയിലും കെട്ടിയാടിയുള്ള സാന്നിധ്യം. കൊച്ചി ബിനാലെയിൽ കാസർകോട് ജില്ലയിലെ കലാകാരൻമാരെ അണിനിരത്തിയുള്ള പുലിക്കളിയിലും ഇദ്ദേഹമുണ്ടാകും.
കുതിരക്കോട്ട് ആദിശക്തി - പുലിക്കളി നാടൻ കലാകേന്ദ്രം സ്ഥാപിച്ച നാരായണൻ തന്നെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഹിറ്റായ കോഴി ഡാൻസ് ആദ്യമായി അവതരിപ്പിച്ചത്. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ ഈ കലാകാരന് കൈസഹായമാകുന്നത് ഭാര്യ ലക്ഷ്‌മിയും മക്കളായ മനോഹരൻ, ശോഭന, സുനിത എന്നിവരുമാണ്.