കാസർകോട്: ദേശീയ അംഗീകാരനിറവിൽ മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം. 90 ശതമാനം മാർക്ക് നേടിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്‍ഡേർഡ്‌സ്(എൻക്യൂഎഎസ്)അംഗീകാരം ലഭിച്ചത്. ദേശീയ അംഗീകാരം ലഭിച്ച സംസ്ഥാനത്തെ 12 ആരോഗ്യ കേന്ദ്രങ്ങളിൽ കാസർകോട് ജില്ലയിലെ ഏക സർക്കാർ ആശുപത്രിയാണ് മുള്ളേരിയയിലേത്.
രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ-ശിശു ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിൽ മൂന്ന് ഘട്ടങ്ങളിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് എൻക്യൂഎഎസിന് അർഹത നേടിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ജില്ലാ തലത്തിലും സെപ്‌തംബറിൽ ദേശീയ-സംസ്ഥാന തലത്തിലും വിവിധ മൂല്യനിർണയങ്ങൾ നടന്നു. അംഗീകാരം ലഭിച്ച 13 സ്ഥാനങ്ങളില്‍ ആദ്യ 12 സ്ഥാനവും കേരളത്തില്‍ നിന്നുള്ള സർക്കാർ ആശുപത്രികൾക്കാണ് ലഭിച്ചത്. ഈ പട്ടികയിലാണ് മുള്ളേരിയ ഒമ്പതാമതായി ഇടം പിടിച്ചത്.
അംഗീകാരത്തോടൊപ്പം വിവിധ ഘട്ടങ്ങളിലായി ആറ് ലക്ഷം രൂപയും ലഭിക്കും. ഇതിൽ ഒരു വിഹിതം ജീവനക്കാർക്കും ലഭിക്കും. ബാക്കി തുക ആശുപത്രി വികസനസമിതിക്ക് ഉപയോഗിക്കാം. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രി പ്രവർത്തനം വിപുലീകരിക്കാൻ സാധിച്ചതാണ് നേട്ടമായത്. ഒ.പി ടിക്കറ്റും ഡോക്‌ടറുടെ സേവനവും ഫാർമസി, ലാബ് സൗകര്യങ്ങളുമെല്ലാം ഇവിടെ യുണിക് ഹെൽത്ത് ഐഡി പ്രകാരം ഡിജിറ്റലാണ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെ ഡോക്ടർമാരുടെ സേവനം ലഭ്യമായതോടെ രോഗികളുടെ എണ്ണവും വർധിച്ചു. പ്രതിമാസം ശരാശരി 7000 രോഗികൾ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്.