കാസര്‍കോട്: റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ തെരുവിലിറങ്ങി. കാസര്‍കോട്-കിന്നിംഗാര്‍ സംസ്ഥാന പാതയിലാണ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ വീട്ടമ്മമാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ബദിയടുക്ക, ഏത്തടുക്ക, കിന്നിംഗാര്‍ സംസ്ഥാന പാത ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടികളൊന്നുമില്ലാതെ വന്നതോടെയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ റോഡ് ഉപരോധ സമരവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം റോഡിന്‍റെ ശോചനീയാവസ്ഥ കാരണം കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടർന്ന് പാമ്പ് കടിയേറ്റ കുട്ടി മരിച്ചിരുന്നു. ഇതാണ് വീട്ടമ്മമാരെ പ്രകോപിപ്പിച്ചത്. ഉപരോധത്തെ തുടർന്ന് ഇതുവഴി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പിന്നീട് പൊലീസ് എത്തി വീട്ടമ്മമാരെ അനുനയിപ്പിച്ചാണ് സമരം അവസാനിപ്പിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള സർവീസ് സ്വകാര്യ ബസുകളും അവസാനിപ്പിച്ചു. പ്രദേശത്തെ ക്വാറികളില്‍ നിന്നും അമിതഭാരവുമായി ലോറികള്‍ നിരന്തരം കടന്നു പോകുന്നതാണ് റോഡിന്‍റെ തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴവെള്ളം ഒഴുകാന്‍ ഓവുചാല്‍ ഇല്ലാത്തതും റോഡ് ചെളിക്കുളമാകുന്നതിന് കാരണമായി. അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കാര്യാലയം ഉപരോധിക്കാനാണ് വീട്ടമ്മമാരുടെ തീരുമാനം.